ജോലിസ്ഥലത്തെ സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമായപ്പോള്‍ രാജിക്കത്ത് നല്‍കി ഇറങ്ങിപ്പോരാന്‍ നിന്ന ജീവനക്കാരനു മുന്നില്‍ ഡിമാന്‍ഡുമായി കമ്പനി. രാജിവച്ചോളൂ പക്ഷേ മൂന്നുമാസത്തെ ശമ്പളം നല്‍കിയിട്ട് ഇറങ്ങിയാല്‍ മതിയെന്നാണ് കമ്പനി ജീവനക്കാരനോട് പറഞ്ഞത്. ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ യുവാവിന് പിന്തുണയേറുകയാണ്. ജോലിഭാരത്താല്‍ അന്ന സെബാസ്റ്റ്യന്‍ പേരയില്‍ മരണപ്പെട്ട വാര്‍ത്തയെത്തി നാളുകള്‍ക്കു ശേഷം ഇങ്ങനെയൊരു സംഭവമെത്തുമ്പോള്‍ അത് വലിയ ചര്‍ച്ചയാകുകയാണ്.
റെഡ്ഡിറ്റിലാണ് യുവാവ് തന്‍റെ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചു. ജോലി ചെയ്യാനുള്ള ആരോഗ്യം പോലുമില്ലാതായി എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് രാജി വയ്ക്കാമെന്ന തീരുമാനമെടുത്തത് എന്നാണ് റാന്‍ഡി31599 എന്ന പേരിലുള്ള ഐ.ഡിയില്‍ നിന്ന് യുവാവ് പറഞ്ഞിരിക്കുന്നത്.
‘എട്ടുമാസത്തോളം പ്രൊജക്ട് മാനേജരായി ജോലി ചെയ്ത സ്ഥാപനമാണ്. ഇടയ്ക്ക് ശമ്പളവര്‍ധനയുണ്ടായി. ഇതോടെ ജോലിഭാരം ഇരട്ടിയിലുമധികമായി. ഒരു മാസം മുന്‍പ് കരള്‍വീക്കമുണ്ടായി, പിന്നാലെ ചിക്കന്‍പോക്സും. മൂന്നു ദിവസത്തെ അവധി ചോദിച്ചിട്ടുപോലും നല്‍കിയില്ല. വര്‍ക് ഫ്രം ഹോം ചെയ്യാനാണ് സി.ഇ.ഒ നിര്‍ദേശിച്ചത്. പൂര്‍ണമായും ജോലിയില്‍ മുഴുകാനുള്ള ആരോഗ്യസ്ഥിതിയിലായിരുന്നില്ല, എന്നിട്ടും ചില കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു.
Also Read: ‘ഇവിടെ കിടന്ന് മരിക്കാതിരുന്നാല്‍ മതിയാരുന്നു’; അന്ന അവസാനമായി പറഞ്ഞത്
ആരോഗ്യം തീര്‍ത്തും മോശമായപ്പോള്‍ രാജിവയ്ക്കാമെന്ന് തീരുമാനിച്ചു. രാജി സ്വീകരിച്ച് ഒരുമാസത്തിനകം കമ്പനിയില്‍ നിന്ന് ഇറങ്ങണമെന്നതായിരുന്നു എന്‍റെ ആവശ്യം. എന്നാല്‍ സി.ഇ.ഒ സമ്മതിച്ചില്ല. വീണ്ടും എനിക്ക് ജോലിയില്‍ തുടരേണ്ടി വന്നു. ഇതിനു പിന്നാലെ ഒരു റോഡപകടമുണ്ടായി. എന്‍റെ കൈക്ക് പരുക്ക് പറ്റി. ഇക്കാര്യവും സൂചിപ്പിച്ച് വീണ്ടും രാജിക്കത്ത് നല്‍കി. പരുക്കിന്‍റെ വിവരങ്ങളെല്ലാം ചേര്‍ത്തിരുന്നു. എന്നിട്ടും അനുകൂലമായ നീക്കം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
രാജിക്കത്ത് നല്‍കിയതിനു പിറ്റേന്ന് എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നുവെന്ന മെയില്‍ കമ്പനി അയച്ചു. ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷനില്‍ മോശമായി പലതും റിപ്പോര്‍ട്ട് ചെയ്തുവെന്ന് കാണിച്ചായിരുന്നു മെയില്‍. മാത്രമല്ല മൂന്നുമാസത്തെ എന്‍റെ ശമ്പളം കമ്പനിയില്‍ കെട്ടിവച്ചാല്‍ മാത്രമേ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നും പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്’ എന്നാണ് യുവാവിന്‍റെ കുറിപ്പ്.
Also Read: മകള്‍ക്കൊപ്പം ആ 2 ദിവസം; അന്നും അവള്‍ക്ക് ജോലിത്തിരക്കായിരുന്നു; നോവായി അമ്മയുടെ കത്ത്
നല്ല ഒരു വക്കീലിനെ കണ്ട് കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകണമെന്നാണ് വിഷയത്തില്‍ പലരും യുവാവിനെ ഉപദേശിച്ചിരിക്കുന്നത്. തൊഴില്‍വികസന മന്ത്രാലയത്തില്‍ പരാതി നല്‍കണമെന്നും ചിലര്‍ പറയുന്നു. ചിക്കന്‍പോക്സ് പിടിപെട്ടപ്പോഴും അവധി തരാതെ ജോലി ചെയ്യണമെന്ന് പറഞ്ഞ ആ സി.ഇ.ഒയുടെ കാബിനില്‍ പോയി ഒന്നിച്ച് ഇരിക്കണമായിരുന്നു, നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കമ്പനി സമ്മതിച്ചു തരുമായിരുന്നു എന്നാണ് മറ്റൊരാളുടെ കമന്‍റ്. രാജിക്കത്ത് അയച്ചാല്‍ അത് പിന്‍വലിക്കണമെന്ന് പറയാനുള്ള സ്വാതന്ത്ര്യം കമ്പനിക്കില്ല. ജോലി വേണ്ടെന്നു വയ്ക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. അത് നിഷേധിക്കപ്പെട്ടാന്‍ കേസ് കൊടുക്കുന്നതാണ് നല്ലത് എന്നും കമന്‍റുണ്ട്.