തൃശൂരിലെ എടിഎം കവര്‍ച്ചക്കുപിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ കൊളളക്കൂട്ടമെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. 66 ലക്ഷം കവര്‍ന്നവരെ പൊലീസ് വിശേഷിപ്പിച്ചത് മേവാത്തി ഗാങ്ങ് എന്ന്. ആരാണീ മേവാത്തി ഗാങ്? ഈ ചോദ്യം ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ സാധാരണക്കാരോട് ചോദിച്ചാല്‍ അവര്‍ക്ക് ഒരു ഉത്തരമേയുള്ളൂ. വെറും തല്ലിപ്പൊളികള്‍ എന്ന്. മോഷണവും പിടിച്ചുപറിയുമാണ് ഈ സംഘത്തിന് അറിയാവുന്ന ഏക ജോലി. വിദ്യാഭ്യാസം നന്നേ കുറവ്. കവര്‍ച്ചയ്ക്കെത്തുമ്പോള്‍ കയ്യിലുള്ളതെല്ലാം തരാമെന്ന് പറഞ്ഞാലും ഇരകള്‍ക്ക് രണ്ടടി കൊടുത്തിട്ടേ അവര്‍ മോഷണം നടത്തൂ. ഇതാണ് മേവാത്തി ഗാങ്ങുകളെക്കുറിച്ച് അന്നാട്ടുകാര്‍ക്ക് പറയാനുള്ളത്.
എസ്.ബി.ഐ എടിഎമ്മുകള്‍ തകര്‍ത്ത് 66 ലക്ഷം രൂപ കവര്‍ന്ന കേസില്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായത് ആറുപേര്‍ ഒരാള്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. പ്രഫഷണല്‍ എടിഎം കൊള്ളക്കാരാണ് മേവാത്തി ഗാങ്. ബ്രെസ ഗാങ് എന്നും ഇവര്‍ക്ക് വിളിപ്പേരുണ്ട്. ഹരിയാനയും രാജസ്ഥാനും ഉത്തര്‍പ്രദേശും സംഗമിക്കുന്ന മേവാത് മേഖലയിലാണ് താവളം. ഇവിടെ നിന്ന് രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് ഇവര്‍ കവര്‍ന്നത് കോടികള്‍. എടിഎം തകര്‍ത്ത് തരിപ്പണമാക്കാന്‍ പരിശീലനം ലഭിച്ച ഇരുന്നൂറോളം പേരാണ് സംഘത്തിലുള്ളത്. പത്തില്‍ താഴെ അംഗങ്ങളുള്ള സംഘങ്ങളായി സഞ്ചരിച്ചാണ് കവര്‍ച്ച.
കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും ആന്ധ്രയിലെ കടപ്പയിലും എടിഎം കവര്‍ച്ച നടത്തിയ അതേ സംഘമാണ് തൃശൂരിലുമെത്തിയത്. കൃഷ്ണഗിരിയില്‍ നിന്ന് 9 ലക്ഷവും കടപ്പയിലെ രണ്ട് എടിഎമ്മുകളില്‍ നിന്നായി 41 ലക്ഷവുമാണ് ഇവര്‍ കവര്‍ന്നത്. കണ്ണൂരില്‍ മൂന്നുവര്‍ഷം മുന്‍പ് എടിഎം കവര്‍ച്ച നടത്തിയ മേവാത്തി ഗാങ്ങിനെ പൊലീസ് പിടികൂടിയിരുന്നു.
‘തീരന്‍ അധികാരം ഒന്‍ട്രു’
2017ല്‍ എച്ച്. വിനോദ് ഒരുക്കിയ കാര്‍ത്തി ചിത്രം ‘തീരന്‍ അധികാരം ഒന്‍ട്രു’ ഇന്നലെ നടന്ന എടിഎം കവര്‍ച്ചയുമായി അസാധാരണസാമ്യമുള്ള സിനിമയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊള്ളയിലും കൊലയിലും അറപ്പു തീര്‍ന്ന സംഘങ്ങള്‍ ദക്ഷിണേന്ത്യയിലെത്തി ആക്രമണങ്ങള്‍ നടത്തുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. സമാന സംഭവമാണ് തൃശൂര്‍ മുതല്‍ നടന്നത്.
ആരാണ് മേവാത്തി ഗാങ്?
ഹരിയാനയില്‍ തുടങ്ങി യുപി, രാജസ്ഥാന്‍ വഴി പാക്കിസ്ഥാന്‍ വരെ വ്യാപിച്ചുകിടക്കുന്ന ഒരു വംശീയ വിഭാഗമാണ് മേയോ അഥവാ മേവാത്തികള്‍. പരിവര്‍ത്തിത രാജ്പുത് മുസ്‍ലിംകളാണ് ഈ വിഭാഗത്തില്‍ ഏറെയും. മീണ ഗോത്രത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരുമുണ്ട്. ഹരിയാനയിലെ പഴയ മേവാത്ത് ജില്ലയാണ് പ്രധാന കേന്ദ്രം. ഇപ്പോള്‍ നൂഹ് എന്നറിയപ്പെടുന്ന ഈ ജില്ലയുടെ വടക്കുഭാഗത്ത് ഡല്‍ഹിയോട് ചേര്‍ന്ന ഗുരുഗ്രാം ആണ്. തെക്ക് രാജസ്ഥാനിലെ ആല്‍വാറും പടിഞ്ഞാറ് രാജസ്ഥാനിലെ തന്നെ ഭരത്പൂരും. രാജസ്ഥാനിലും ഹരിയാനയിലുമാണ് മേയോ മുസ്‍ലിം വിഭാഗത്തിന്‍റെ വലിയ സാന്നിധ്യവും സ്വാധീനവുമുള്ളത്. കൃഷിയും കാലിവളര്‍ത്തലും അനുബന്ധ തൊഴിലുകളിലുമാണ് കൂടുതല്‍ പേരും ഏര്‍പ്പെട്ടിരിക്കുന്നത്. കുറേപ്പേര്‍ ട്രക്ക് ബിസിനസിലുമുണ്ട്. ഇതിലൊന്നും പെടാതെ നില്‍ക്കുന്ന വളരെ ചെറിയ ഒരു വിഭാഗമാണ് മേവാത്തി ഗാങ്ങുകളായി മാറിയത്.
മേവാത്തി ഗാങ്ങിന്റെ പ്രവര്‍ത്തനരീതി
പരിശീലനം നേടിയ 200ഓളം പേരടങ്ങുന്ന വലിയ സംഘം. 10 പേരടങ്ങുന്ന ചെറിയ സംഘങ്ങളായി കവര്‍ച്ചയ്ക്കിറങ്ങും. വ്യവസായ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട മേവാത്തി മേഖലകളില്‍ നിന്ന് ഒട്ടേറെ ട്രക്കുകളാണ് ദിനംപ്രതി ദക്ഷിണേന്ത്യയിലേക്കും രാജ്യത്തിന്‍റെ മറ്റിടങ്ങളിലേക്കും എത്തുന്നത്. ലോഡ് കൈമാറിയശേഷം ഈ ട്രക്കുകള്‍ കാലിയായാണ്‍ മടങ്ങുന്നത്. ഇത്തരം ട്രക്കുകളുടെ ഡ്രൈവര്‍മാരുമായി ബന്ധം സ്ഥാപിക്കുകയാണ് ഗാങ്ങിന്റെ ആദ്യ പരിപാടി. മോഷ്ടിച്ച കാറുകളിലാണ് മേവാത്തി ഗാങ് എടിഎം കവര്‍ച്ചയ്ക്കിറങ്ങുക. മേവാത്തില്‍ നിന്നുള്ള ട്രക്ക് ഈ സമയത്ത് മേഖലയിലുണ്ടെങ്കില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണശേഷം കാര്‍ ട്രക്കില്‍ക്കയറ്റി സ്ഥലം വിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണം എന്നതിനാല്‍ സുരക്ഷിതരായി ഇവര്‍ അതിര്‍ത്തി കടക്കും. തോക്കുമായി നടക്കുന്ന ഇവര്‍ അതുപയോഗിക്കാനും മടിക്കില്ല. ഗാങ്ങിന്റെ തലവനായ യൂസഫ് റാഷിദിനെ ഈയിടെ ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു.
പരിശീലനരീതി
പഴയ എടിഎമ്മുകള്‍ ബാങ്കുകളില്‍ നിന്നും ലേലം വിളിച്ചെടുത്ത് ഹരിയാനയിലെ മേവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് ഇവര്‍ പരിശീലനം നേടുന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 10 മിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കാവുന്ന നിലയില്‍ തികവുറ്റ പരിശീലനമാണ് ഇവര്‍ നേടുന്നത്. രാജ്യത്താകമാനം ട്രക്കില്‍ സഞ്ചരിച്ച് ഭീഷണി ഉയര്‍ത്തുന്ന മേവാത്തി സംഘത്തെ നിരീക്ഷിക്കാന്‍ പൊലീസ് ടെലഗ്രാം കൂട്ടായ്മ നിലവിലുണ്ട്. 7000 ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്. മേവാത്തി ഗ്യാങ് എവിടെ മോഷണം നടത്തിയാലും ഈ ഗ്രൂപ്പിലൂടെ ചിത്രങ്ങളും വിവരങ്ങളും കൈമാറപ്പെടും.
മേവാത്തി ഗാങ്ങിന്‍റെ സംഘടിത കുറ്റകൃത്യങ്ങള്‍ എടിഎം കവര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നില്ല. സൈബര്‍ കുറ്റകൃത്യങ്ങളിലും സംഘം സജീവമാണ്. ഈ സംഘത്തിന്‍റെ തലവന്‍ സലാഹുദീനെ രണ്ടുവര്‍ഷം മുന്‍പ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലും മറ്റ് സംസ്ഥാനങ്ങളിലും ഒട്ടേറെ സൈബര്‍ പൊലീസ് കേസുകളില്‍ മേവാത്തി സംഘാംഗങ്ങള്‍ പ്രതികളാണ്. എന്തുംചെയ്യാന്‍ മടിക്കാത്ത സ്വഭാവവും പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെട്ടാലും കുറ്റകൃത്യങ്ങള്‍ തുടരാനുള്ള വാസനയും ഇവരുടെ സവിശേഷതയാണ്. ഇനി എപ്പോള്‍ എവിടെ എന്നുമാത്രമേ ചിന്തിക്കേണ്ടതുള്ളു എന്നാണ് മേവാത്തി സംഘത്തിന്‍റെ രീതികള്‍ അറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം.