ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, മടിയിലൊരു ലാപ്ടോപും വച്ച് കാലിന്‍മേല്‍ കാലും കയറ്റി കീറിയ സോക്സുമിട്ടൊരു പ്രഫസര്‍. ചിത്രം സോഷ്യല്‍മീഡിയയിലൂടെ വൈറലായതോടെ കാര്യങ്ങള്‍ വിശദീകരിക്കാതെ തരമില്ലാതായി ബോംബെ ഐഐടിയിലെ പ്രഫസര്‍ ചേതന്‍ സിങ്ങിന്. വസ്ത്രധാരണത്തിന്റെ കാര്യത്തിലായാലും ചേതന്‍സിങ് സോളങ്കിക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അത് വിശദീകരിക്കുകയാണ് സോളങ്കി.
സോക്സ് മാറ്റേണ്ടതിന്റെ ആവശ്യകത താന്‍ അംഗീകരിക്കുന്നു. എന്നാല്‍ തന്റെ ചിന്ത എപ്പോഴും പരിസ്ഥിതിയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് പ്രഫസര്‍. സോളങ്കിയെ സൗര മനുഷ്യന്‍, സൗരഗാന്ധി എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് പൊതുവെ. അതിനു കാരണം ഈ പ്രകൃതി സ്നേഹം തന്നെ. സെപ്റ്റംബര്‍ 25ന് എടുത്ത ചിത്രമാണിത്.
ന്യൂഡല്‍ഹിയിലെ ഹയാത്തില്‍ നടന്ന ദി എക്കണോമിക്സ് ടൈം എനര്‍ജി ലീഡര്‍ഷിപ്പില്‍ തന്റെ പ്രസംഗത്തിനു മുന്‍പായുള്ള തയ്യാറെടുപ്പിനിടെ ആരോ പകര്‍ത്തിയതാണ് ഈ ചിത്രം. കീറിയ സോക്സ് മാറ്റേണ്ടതാണ്, അതിനുള്ള കഴിവും എനിക്കുണ്ട്, പക്ഷേ പ്രകൃതിക്ക് ഇതും ഒരു ഭാരമാണ്, ആളുകള്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ എളുപ്പത്തില്‍ മാറ്റാം, വലിച്ചെറിയാം , എന്നാല്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകൃതിക്ക് താങ്ങാവുന്നതല്ല, അതുകൊണ്ട് ഈ സോക്സ് മാറ്റാന്‍ ഇനിയും സാവകാശമുണ്ടെന്നാണ് പ്രഫസറുടെ വാദം.
20 വര്‍ഷത്തിലേറെയായി ഐഐടി ബോംബെയിലെ അധ്യാപകനാണ് സോളങ്കി. കാർബൺ ബഹിർഗമനം കറയ്ക്കുന്നതിന്റെ ആവശ്യകതയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനുമായി തുനിഞ്ഞിറങ്ങിയ വ്യക്തി കൂടിയാണ് സോളങ്കി. താന്‍ കാരണം കാര്‍ബണ്‍ ബഹിര്‍ഗമനം കൂടരുത് എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. സോളങ്കിയുടെ വിശദീകരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അര്‍ത്ഥവത്തായ സന്ദേശമെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ താനും കീറിയ സോക്സ് ഉപേക്ഷിക്കില്ലെന്ന് തീരുമാനമെടുത്തെന്നാണ് മറ്റൊരാളുടെ പ്രതികരണം.