jarusalem-bus

ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ പേര് കാരണം കേസും പൊല്ലാപ്പും വരെയുണ്ടാകാമെന്ന മറുപടിയാകും കര്‍ണാടക മംഗളൂരുവിലെ ഒരു ബസ് ഉടമയ്ക്ക് പറയാനുണ്ടാകുക. ഇസ്രയേല്‍ ട്രാവല്‍സ് എന്ന തന്‍റെ ബസിന്‍റെ പേര് ജറുസലേം എന്ന് മാറ്റേണ്ടിവന്ന അവസ്ഥയെക്കുറിച്ചാണ് ഈ ബസ് ഉടമയ്ക്ക് പറയാനുള്ളത്. 

12 വര്‍ഷത്തോളമായി ഇസ്രയേലില്‍ ജോലി ചെയ്യുന്നയാളാണ് ലെസ്റ്റർ കട്ടീൽ. കടപ്പാടും സ്നേഹവും കൊണ്ടാകാം അദ്ദേഹം തന്‍റെ ബസ്സിന് ആ രാജ്യത്തിന്‍റെ പേര് തന്നെ നല്‍കിയത്. എന്നാണ് ഇസ്രയേല്‍– ഇറാന്‍ യുദ്ധത്തോടെ കാര്യങ്ങളപ്പാടെ തലകീഴായി. ആ പേര് കട്ടീലിനുണ്ടാക്കിയ തലവേദന കുറച്ചൊന്നുമല്ല.

സമൂഹമാധ്യമങ്ങളില്‍ ബസിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് വളരെ മോശം പ്രതികരണങ്ങളാണ് പലരും നടത്തിയത്. രൂക്ഷപ്രതികരണങ്ങള്‍ അതിരുകടന്നതോടെ കട്ടീൽ ബസിന്‍റെ പേരുമാറ്റി ജറുസലേം എന്നാക്കി. ഇസ്രയേൽ ട്രാവൽസ് എന്ന ആ പേരു കാരണം ആളുകൾക്ക് എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല എന്നാണ് കട്ടീല്‍ പ്രതികരിച്ചത്. ബസിന്‍റെ പേരുമാറ്റണം എന്ന ആവശ്യവുമായി പൊലീസില്‍ പരാതി നല്‍കുമെന്ന ഭീഷണി വരെയുണ്ടായി.

എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് പൊലീസിനോട് പലരും ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രശ്നമില്ല. പേര് മാറ്റണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പൊലീസിനെതിരെയും വിമര്‍ശനം കടുത്തതോടെയാണ് ബസിന്‍റെ പേര് മാറ്റുന്നതെന്നും കട്ടീല്‍ വ്യക്തമാക്കി.

പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഇസ്രയേല്‍. അവിടുത്തെ രീതികളെല്ലാം ഇഷ്ടമാണ്. ആ രാജ്യമാണ് തനിക്ക് പുതിയൊരു ജീവിതം തന്നെ തന്നത്. അതുകൊണ്ടാണ് ഇസ്രയേല്‍ എന്ന പേര് ബസിന് ഇട്ടത്. ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ലെന്നും കട്ടീല്‍ വ്യക്തമാക്കി.

ENGLISH SUMMARY: