സമാനതകളില്ലാത്ത യാതനകള്‍ അനുഭവിച്ചാണ് പ്ര. ജി.എന്‍.സായിബാബ വിടപറയുന്നത്. സംവിധാനങ്ങള്‍ ജീവിതകാലം മുഴുവന്‍ വേട്ടയാടിയ പൗരന്‍. ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ട് ഒരുവര്‍ഷമാകും മുന്‍പാണ് സായിബാബ മരണത്തിന് കീഴടങ്ങുന്നത്.
രാജ്യവിരുദ്ധനെന്നും ഭീകരപ്രവര്‍ത്തകനെന്നും മുദ്രകുത്തപ്പെടുക, സമൂഹത്തില്‍ ഒറ്റപ്പെടുക, കഷ്ടപ്പെട്ട് നേടിയ ജോലി ഇല്ലാതാക്കുക, ശരീരം 90 ശതമാനത്തിലേറെ തളര്‍ന്ന ഡോ. ജി.എന്‍.സായിബാബ നേരിടേണ്ടി വന്ന യാതനകള്‍ക്ക് കയ്യും കണക്കുമില്ല. ജീവിതത്തിലെ നല്ല കാലം മുഴുവന്‍ കേസും ജയില്‍വാസവുമായി കഴിച്ചുകൂട്ടി. ചെറിയ പ്രായത്തില്‍ പോളിയോ സായിബാബയെ തളര്‍ത്തി. അഞ്ചാം വയസ്സില്‍ ഇരുകാലുകള്‍ക്കും ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. ആന്ധ്രയിലെ അമാലപുരത്ത് ജനിച്ച സായിബാബയെ ജീവിക്കാന്‍ പഠിപ്പിച്ചത് അമ്മ സൂര്യവതിയായിരുന്നു.
അമ്മ വളര്‍ത്തിയ മകന്‍ പട്ടിണിയോടും ജീവിതത്തോടും പടവെട്ടി മുന്നേറി. പഠനത്തില്‍ എന്നും ഒന്നാമന്‍. അധ്യാപനമോഹവുമായി ഡല്‍ഹിയിലെത്തിയ സായിബാബ, പിഎച്ച്ഡിയും ഡല്‍ഹി സര്‍വകലാശായില്‍ അസി. പ്രഫസറെന്ന ജോലിയും നേടിയത് ഇച്ഛാശക്തികൊണ്ട്. 2008ലാണ് വീല്‍ച്ചെയറൊരെണ്ണം സ്വന്തമായത്. അതുവരെ നിലത്തുകുത്തി കൈയുടെ ആക്കം കൊണ്ടാണ് സഞ്ചരിച്ചത്. മാവോയിസ്റ്റ് കേസില്‍ ഉള്‍പ്പെടുന്നത് 2013ല്‍. 2014ല്‍ കോളജില്‍നിന്ന് മടങ്ങവേ അറസ്റ്റിലായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതോടെ നാഗ്പൂര്‍ ജയില്‍വാസം.
ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍. കേസോ അറസ്റ്റോ ജയില്‍വാസമോ അല്ല, ജോലിയില്‍നിന്ന് പിരിച്ചുവിട്ടതാണ് സായിബാബയെ ഏറെ വേദനിപ്പിച്ചത്. കുറ്റവിമുക്തനാക്കപ്പെട്ടപ്പോഴും ആരെയും പഴിക്കാതെ ഡല്‍ഹിയിലെ വീട്ടില്‍ ഭാര്യ വസന്തയ്ക്കും മകള്‍ മഞ്ജീരയ്ക്കുമൊപ്പം താമസിച്ചുവരുന്നതിനിടെയാണ് ചികില്‍സയ്ക്കായി ഹൈദരാബാദിലേക്ക് പോയത്.