dj-boydeath

TOPICS COVERED

പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായി നടന്ന ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരനു ദാരുണാന്ത്യം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. വീടിനു പുറത്തുനിന്നും അത്യുച്ചത്തിലുള്ള പാട്ട് കേട്ടാണ് സമാര്‍ ബില്ലോറും നൃത്തം ചെയ്യാനായി പുറത്തേക്കിറങ്ങിയത്. ചുറ്റും എന്തു സംഭവിക്കുന്നുവെന്നുപോലും മനസിലാക്കാന്‍ പറ്റാത്ത വിധം അത്യുച്ചത്തിലാണ് ഡിജെ പാട്ട് പ്ലേ ചെയ്തിരുന്നത്. പാട്ടും പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന നാട്ടുകാരേയും കണ്ട് ആവേശത്തോടെയാണ് സമാര്‍ പുറത്തിറങ്ങിയത്. എന്നാല്‍ അധികം വൈകാതെ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.

സമാറിന് സംഭവിച്ചത് മനസിലാകാതെ ചുറ്റുമുള്ളവര്‍ നൃത്തവും ആവേശവും തുടര്‍ന്നു. സമാറിന്റെ അമ്മ സഹായത്തിനായി കരഞ്ഞുവിളിച്ചെങ്കിലും ആരും കേട്ടില്ല. സമാറിന് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അസഹ്യമായ ബഹളത്തിനിടെ ഹൃദയം തകര്‍ന്നാണ് സമാര്‍ മരിച്ചതെന്നും ഡോക്ടര്‍ സ്ഥിരീകരിക്കുന്നു. ഡിജെയുടെ ശബ്ദം അതിഭീകരമായ തോതിലായിരുന്നുവെന്നാണ് സമാറിന്റെ പിതാവ് കൈലാഷ് ബില്ലോര്‍ പറഞ്ഞത്. 

പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡിജെയുടെ ശബ്ദം കുറയ്ക്കാനോ ഓഫ് ചെയ്യാനോ ടീം സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. മകന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ടു പോലും ഡിജെ ഓഫ് ചെയ്തില്ലെന്നും കുടുംബം പറയുന്നു. ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ പകല്‍നേരത്ത് 55 ഡെസിബലിനു മുകളില്‍ പോവാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ആ മേഖലയില്‍ 90 ഡെസിബലിനും മുകളിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി നേരത്ത് സ്പീക്കര്‍ ശബ്ദങ്ങള്‍  45 ഡെസിബലിനു മുകളിലും ഉയരാന്‍ പാടില്ല. ഈ നിയമങ്ങളുടെയെല്ലാം പച്ചയായ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. 

ഉത്സവവുമായി ബന്ധപ്പെട്ട സംഘാടകര്‍ക്ക് ശബ്ദവുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ലെന്ന് ഭോപ്പാല്‍ കമ്മീഷണര്‍ ഹരിനാരായണ്‍ ചരി മിശ്ര പറഞ്ഞു. ഉത്സവദിവസം മേഖലയില്‍ താമസിക്കുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം വലിയ തോതില്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. മനുഷ്യന്റെ കേള്‍വി പരിധിക്കും അപ്പുറത്തുള്ള ശബ്ദം ചെവിവേദന, കേള്‍വി നഷ്ടപ്പെടല്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ എന്നീ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് ഡോക്ടര്‍മാരും വിലയിരുത്തുന്നു. ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ് മരണത്തിനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

13 year old dies after heartbreak during DJ set at local festival:

13 year old dies after heartbreak during DJ set at local festival The incident took place in Bhopal, the capital of Madhya Pradesh.