വീട്ടില്‍ നിന്ന് കാല്‍ കിലോയോളം ഉരുളക്കിഴങ്ങ് കാണാനില്ലെന്നു പറഞ്ഞ് പൊലീസിനോട് സഹായം തേടിയ ആളുടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. പൊലീസിന്‍റെ ടോള്‍ഫ്രീ നമ്പരായ 112ല്‍ വിളിച്ചാണ് വിജയ് വർമ എന്നയാള്‍ പരാതിപ്പെട്ടത്. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ മന്നപൂർവ്വയില്‍ ദീപാവലിയുടെ തലേദിവസമായിരുന്നു സംഭവം.
തന്‍റെ വീട്ടിൽ നിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് കാണാതായെന്നും അന്വേഷിക്കണമെന്നുമായിരുന്നു വിജയ് വർമയുടെ ആവശ്യം. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ പൊലീസ് വിജയ് വർമയുടെ വീട്ടിലെത്തി. വിജയ് മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസിന് മനസ്സിലായി. മദ്യപിച്ച് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, മദ്യപിച്ചിട്ടുണ്ട് പക്ഷേ അതിന് കാരണവുമുണ്ടെന്ന് വിജയ് വ്യക്തമാക്കി.
ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്യുന്നയാളാണ്. വൈകിട്ട് ആ ക്ഷീണം മാറ്റാന്‍ അല്‍പം മദ്യപിക്കും. പക്ഷേ പരാതിയും മദ്യപാനവുമായി കൂട്ടിക്കുഴയ്ക്കരുത്. ഇവിടെ ഉരുളക്കിഴങ്ങ് കാണാതായതാണ് വിഷയമെന്ന് വിജയ് പൊലീസിനോട് വ്യക്തമാക്കി. ഇതോടെ പൊലീസും പെട്ടു.
വിജയ് പരാതിപ്പെടുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. പരാതിപ്പെട്ട ഉടനെ വിജയ് വര്‍മയെ സഹായിക്കാനെത്തിയ പൊലീസിനെ പ്രശംസിച്ച് കമന്‍റുകള്‍ എത്തുന്നുണ്ട്. എന്നാല്‍ അടിയന്തിര സഹായത്തിനുള്ള ടോള്‍ ഫ്രീ നമ്പര്‍ ഒരു മദ്യപന്‍ ദുരുപയോഗം ചെയ്തതിനെ എങ്ങനെ ന്യായീകരിക്കാനാകും എന്ന് ചോദിക്കുന്നവരുനമുണ്ട്.