johnny-tiger

സ്നേഹം അതൊന്നുമാത്രമാണ് ജോണിയെ കിലോമീറ്ററുകള്‍ താണ്ടി തെലങ്കാനയിലെത്തിച്ചത്, തന്റെ ഇണയെ കണ്ടെത്തണമെന്ന ഒരേ ഒരു ലക്ഷ്യത്തോടെ. ആറര വയസുകാരനാണ് ജോണി എന്നുപേരുള്ള കടുവ. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാഞ്ച്വറിയില്‍ നിന്നാണ് ജോണി തന്റെ സാഹസികയാത്ര ആരംഭിച്ചത്. എത്തിയത് തെലങ്കാനയിലെ  നിര്‍മല്‍ ജില്ലയിലെ ആദിലാബാദില്‍.

കടുവയില്‍ ഘടിപ്പിച്ച റേഡിയോ കോളര്‍ വഴിയാണ് ജോണിയുടെ സഞ്ചാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചത്. ഒക്ടോബര്‍ മൂന്നാംവാരമാണ് ജോണി യാത്ര തുടങ്ങിയത്. കടുവയുള്‍പ്പെടെയുള്ള മൃഗങ്ങളുടെ ഇണചേരല്‍ സീസണാണിത്. ആണ്‍കടുവകള്‍ക്ക് 100കിലോമീറ്റര്‍ ദൂരത്തുനിന്നു വരെ പെണ്‍കടുവകളുടെ മണം അറിയാന്‍ സാധിക്കും. സ്വന്തം വിഹാരമേഖലയില്‍ പെണ്‍കടുവകളെ കാണാതാകുമ്പോഴാണ് ഇത്തരത്തില്‍ ദീര്‍ഘദൂര സഞ്ചാരത്തിലേക്ക് അവ എത്തിച്ചേരുന്നതെന്ന് ആദിലാബാദ് ഫോറസ്റ്റ് ഓഫീസര്‍ പ്രശാന്ത് ബാജിറാവു പാട്ടീല്‍ പറഞ്ഞു. 

ആദിലാബാദിലെ ബോത് മണ്ഡലില്‍ വച്ചാണ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടത്. ഇണയെ തേടി യാത്രയാണെങ്കിലും കര്‍ശനമായി തന്നെ വനംവകുപ്പ് ജോണിയെ പിന്തുടരുന്നുണ്ട്. കാരണം പ്രണയം തുളുമ്പുന്ന മനസ് ഇണയോട് മാത്രമാണ്, ഇതിനോടകം പശുക്കളെ ഉള്‍പ്പെടെ അഞ്ച് നാല്‍ക്കാലികളെ ജോണി ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. സഞ്ചാര പാതയിലൊന്നും അവന്‍ മനുഷ്യര്‍ക്ക് ഭീഷണിയല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നുമുണ്ട്. 

അതേസമയം കാന്‍വാള്‍ കടുവാ സംരക്ഷണകേന്ദ്രത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നീട് ജോണി യാത്ര അവസാനിപ്പിക്കേണ്ടതായും വരും. കാരണം ഈ മേഖല വേട്ടക്കാരുടെ വിഹാരകേന്ദ്രമാണ്. ഇക്കാരണത്താല്‍ തന്നെ കടുവകളുടെ എണ്ണവും ഭീഷണിയിലാണെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. 

Male tiger travels 300km to search mate:

Male tiger Johnny travels 300km from Maharashtra to Telengana to search his mate.