TOPICS COVERED

സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തോടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മഹാതരി വന്ദന്‍ യോജന. വിവാഹിതരായ സത്രീകള്‍ക്ക് എല്ലാ മാസവും ആയിരം രൂപ വീതം അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാന പദ്ധതി കൂടിയായിരുന്നു ഇത്. എന്നാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്തു എന്ന റിപ്പോര്‍ട്ട് എത്തുന്നു.

നടി സണ്ണി ലിയോണിയുടെ പേരില്‍‌ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്. ബസ്തര്‍ ജില്ലയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സംഭവം അന്വേഷിച്ചു വരികയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദി ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മഹാതരി വന്ദന്‍ യോജന പദ്ധതിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കയറി പദ്ധതിയില്‍ അപേക്ഷിച്ചിരിക്കുന്നവരുടെ പേരും വിവരങ്ങളും ശേഖരിച്ചപ്പോള്‍ കണ്ടത് സണ്ണി ലിയോണിയുടെ പേര്.

വിശദവിവരങ്ങള്‍ നോക്കിയപ്പോള്‍ ഭര്‍ത്താവിന്‍റെ പേര് ജോണി സിന്‍സ്. അപേക്ഷ കൊടുത്തിരിക്കുന്നത് തലൂര്‍ മേഖലയിലുള്ള ഒരു അംഗന്‍വാടിയില്‍ നിന്നും. അംഗന്‍വാടിയിലും നിന്നും മറ്റൊരു സൂപ്പര്‍വൈസറില്‍ നിന്ന് ‘വെരിഫൈഡ്’ ആയ അപേക്ഷയാണ് സമര്‍പ്പിച്ചിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ പത്തു മാസം മുടങ്ങതെ ആയിരം രൂപ വീതം ഈ പേരിലുള്ള അക്കൗണ്ടില്‍ എത്തിയിട്ടുമുണ്ട്. ഇതോടെ ബന്ധപ്പെട്ട അധികൃതരോട് വിശദീകരണം തേടി നോട്ടീസുമെത്തി.

സംഭവം അന്വേഷിച്ചു വരികയാണെന്നാണ് ബസ്തര്‍ കലക്ടര്‍ ഹരി എസ്. വ്യക്തമാക്കി. കൂടുതല്‍ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഡിസംബറില്‍ മാത്രം 652.04 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കിയത്. 70 ലക്ഷത്തോളം വിവാഹിതരായ സ്ത്രീകള്‍ക്കുള്ള ധനസഹായമാണിത്. ഇതുവരെ അയ്യായിരം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. അതിനിടെയാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്.

ENGLISH SUMMARY:

Fraudster in Chhattisgarh has opened an online account in the name of actress Sunny Leone and has managed to receive Rs 1,000 — an amount disbursed monthly to married women in the state under the government’s Mahatari Vandan Yojana.