നൂറ് രൂപ നോട്ടിന്‍റെ മൂല്യത്തെ പറ്റി ആര്‍ക്കും സംശയമൊന്നും ഉണ്ടാകില്ല. എന്നാല്‍ ചിലപ്പോള്‍ കയ്യിലുള്ളത് അമൂല്യമായ നോട്ടുകളായിരിക്കും. ലണ്ടനില്‍ നടന്ന ലേലത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഒരു 100 രൂപ കറന്‍സിക്ക് ലഭിച്ച ലേലത്തുക 56,49,650 രൂപയായിരുന്നു. കയ്യിലുള്ള സാധാരണ കറന്‍സികള്‍ക്ക് ഇത്രയും മൂല്യമുണ്ടാകില്ല.
HA 078400 എന്ന സീരിസില്‍ ഉള്‍പ്പെടുന്ന കറന്‍സിയാണ് ലേലത്തില്‍ ആവശ്യക്കാര്‍ ലക്ഷങ്ങള്‍ കൊടുത്ത് കൊണ്ടുപോയത്. 1950 കളില്‍ പുറത്തിറക്കിയ ഈ കറന്‍സി ഹജ്ജ് നോട്ട് എന്നാണ് അറിയപ്പെടുന്നത്. ഹജ്ജ് ചെയ്യാനായി പോകുന്ന തീര്‍ഥാടകര്‍ക്കായി റിസര്‍വ് ബാങ്ക് അവതരിപ്പിച്ചതാണ് ഈ കറന്‍സികള്‍.
നിറവും രൂപയും കൊണ്ട് സാധാരണ കറന്‍സിയേക്കാള്‍ വ്യത്യസ്തത ഹജ്ജ് കറന്‍സികള്‍ക്കുണ്ടായിരുന്നു. എച്ച്എ സീരിസിലാണ് ഈ നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കാനാകില്ലെങ്കിലും യുഎഇ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കറന്‍സി സ്വീകരിക്കപ്പെടുകമായിരുന്നു.
സാധാരണ ഇന്ത്യൻ കറൻസി ഉപയോഗിച്ച് അനധികൃതമായി സ്വർണം വാങ്ങുന്നത് തടയുക എന്നതായിരുന്നു ഹജ്ജ് കറന്‍സിയുടെ പ്രധാന ലക്ഷ്യം. 1970 ന് ശേഷം ഹജ്ജ് കറന്‍സി പിന്‍വലിച്ചു. ഇത് തന്നെയാണ് നോട്ടിന് ഇത്രയും വില ലഭിക്കാന്‍ കാരണം. കറന്‍സി സൂക്ഷിക്കുന്നവരും ചരിത്രകാരന്മാരുടെയും കയ്യില്‍ മാത്രമാണ് ഇത് അവശേഷിക്കുന്നത്. ആരാണ് ലേലത്തിലൂടെ ഈ നോട്ട് സ്വന്തമാക്കിയത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല.