money-on-air

വിവാഹം എങ്ങനെ അത്യാഢംബരമാക്കാം എന്നാണ് ഇന്ന് പലരും നോക്കുന്നത്. അതിനായി പണം വാരിയെറിയുകയും ചെയ്യും. അത്തരത്തില്‍ ‘പണം വാരിയെറിഞ്ഞ’ ഒരു കല്യാണത്തിന്‍റെ വിഡിയോയാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. വരന്‍റെ ബന്ധുക്കള്‍ കല്യാണ മണ്ഡപത്തിന്‍റെ പുറത്ത്, കെട്ടിടത്തിന്‍റെ മുകളിലും ജെസിബിയില്‍ കയറി നിന്നും നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞാണ് വിവാഹഘോഷയാത്രയെ സ്വീകരിച്ചത്.

ഇരുപത് ലക്ഷത്തോളം രൂപയാണ് ചെറുക്കന്‍റെ വീട്ടുകാരുടെ ഈ കലാപരിപാടിയില്‍ പൊടിച്ചതെന്നാണ് വിവരം. നൂറിന്‍റെയും ഇരുന്നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളാണ് വരന്‍റെ ബന്ധുക്കള്‍ വീശിയെറിഞ്ഞത്. കല്യാണത്തിനെത്തിയവര്‍ ഈ നോട്ടുകള്‍ വാരിക്കൂട്ടുന്ന വിഡിയോ വൈറലാണ്. 

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്നഗറില്‍ നിന്നുള്ളതാണ് വിഡിയോ. ദൃശ്യങ്ങള്‍ വൈറലായതോടെ ‘ഇന്‍കം ടാക്സിനെ വിളിക്കൂ’ എന്നാണ് ചിലര്‍ വിഡിയോയ്ക്കു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. വിമര്‍ശനങ്ങളാണ് ഏറെയും. ‘ഈ പണം പാവപ്പെട്ടവര്‍ക്ക് നല്‍കികൂടെ?’ ‘എത്ര പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനുള്ള പണമാണ് ഇങ്ങനെ വലിച്ചെറിയുന്നത്’ എന്നിങ്ങനെയുള്ള കമന്‍റുകളുമുണ്ട്.

ENGLISH SUMMARY:

During a wedding procession, groom's relatives showered bundles of currency notes into the air. Video goes viral on social media.