പത്താംക്ലാസ് പരീക്ഷയുടെ അവസാന ദിവസം ആഘോഷിച്ച വിദ്യാര്‍ഥികളെ ക്രൂരമായി ശിക്ഷിച്ച് സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. അവസാന ദിവസം 'പെന്‍ ഡേ' ആയി ആഘോഷിച്ച കുട്ടികള്‍ ഷര്‍ട്ടുകളില്‍ പരസ്പരം ആശംസകളെഴുതിയും പടം വരച്ചും മഷിയെറിഞ്ഞും സ്നേഹം പ്രകടിപ്പിച്ചു. നൂറോളം പെണ്‍കുട്ടികളാണ് സ്കൂളിലെ അവസാന ദിനം ഇങ്ങനെ ആഘോഷിച്ചത്. ഇതില്‍ കുപിതനായ പ്രിന്‍സിപ്പല്‍ കുട്ടികള്‍ക്കിടയിലേക്കെത്തി ആദ്യം ശകാരിച്ചു. പിന്നാലെ ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടു. ധരിക്കാന്‍ സമ്മതിച്ചതുമില്ല. ഒടുവില്‍ ഷര്‍ട്ടിന് മേല്‍ ധരിക്കുന്ന കോട്ട് മാത്രമിട്ടാണ് കുട്ടികളെല്ലാം വീടുകളിലെത്തിയത്.
പ്രിന്‍സിപ്പലിന്‍റെ നടപടി കടുത്ത മാനസികാഘാതമാണ് കുട്ടികളില്‍ ഉണ്ടാക്കിയത്. പലരും കരഞ്ഞാണ് വീടുകളിലെത്തിയത്. കാര്യം തിരക്കിയ മാതാപിതാക്കളോട് കുട്ടികള്‍ വിവരം ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂളിലേക്ക് എത്തിയ മാതാപിതാക്കള്‍ പൊലീസിലും പരാതിപ്പെട്ടു. പ്രിന്‍സിപ്പലിനെതിരെ അടിയന്തര നടപടി വേണമെന്നും ലജ്ജിപ്പിക്കുന്ന പെരുമാറ്റമാണിതെന്നും മാതാപിതാക്കള്‍ പറയുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്നതും അപമാനിക്കുന്നതും മുറിപ്പെടുത്തുന്നതുമായിപ്പോയി പ്രിന്‍സിപ്പലിന്‍റെ പെരുമാറ്റമെന്നും കുട്ടികള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും സ്ഥലം എംഎല്‍എയായ രാഗിണി സിങ് പറഞ്ഞു. സംഭവത്തില്‍ സ്കൂള്‍ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു.