കുട്ടികളെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി പ്ളസ് വൺ മലയാളം പരീക്ഷ. കടുകട്ടി ചോദ്യങ്ങളുടെ ഒരു നിര തന്നെ നിരത്തിയിരിക്കുകയാണ് ചോദ്യപേപ്പറിൽ. എല്ലാ പരീക്ഷയുടെയും ആദ്യ 15 മിനിറ്റ് കൂളിങ് ടൈമാണ്. പ്ളസ് വൺ മലയാളം ചോദ്യപേപ്പർ കണ്ടതോടെ കൂളിങ് ഒക്കെ പോയി കുട്ടികളാകെ ബേജാറായി.
ആദ്യചോദ്യം ചെറുശേരിയുടെ കാവ്യഭാഷയുടെ സവിശേഷതകൾ കണ്ടെത്തി എഴുതുക. അഞ്ച് ഓപ്ഷൻസിൽ രണ്ട് ശരിയുത്തരം കണ്ടെത്തി എഴുതണം. കുട്ടികൾ ആദ്യ ചോദ്യത്തിൽ തന്നെ ഒന്നു കുഴങ്ങും . ഇത് വെറും സാമ്പിൾ വെട്ടിക്കെട്ടെന്നു പറയിക്കും വിധമാണ് മറ്റ് ചോദ്യങ്ങൾ.കാവ്യകലയെ കുറിച്ചുള്ള പാഠഭാഗത്തിൽ അവ്യവസ്ഥിതത്വത്തിന് പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങൾ ഏതൊക്കെ?
ഈ ആറാം നമ്പർ ചോദ്യം അധ്യാപകരെ പോലും ഞെട്ടിച്ചു. 7 മുതൽ 10 വരെയുള്ള ചുരുക്കി ഉത്തരം എഴുതേണ്ട ചോദ്യങ്ങളിലെ ഒന്നിതാണ്: അരുളിയല്ലയതെങ്കിൽ മനുഷ്യൻ എന്തായി തീരുമെന്നാണ് ശ്രീ നാരായണഗുരുസ്വാമി പറയുന്നത്? ആരും ചോദ്യകർത്താവിനോട് ചോദിച്ചു പോകും - ഇത്ര വേണോ സാർ കുട്ടികളോട്! 12ാം ചോദ്യം നോക്കുക വേരുകൾ നഷ്ടപ്പെടുത്തുന്നവർ എന്ന ശീർഷകത്തിന്‍റെ ഔചിത്യം വ്യക്തമാക്കുക .കുട്ടികളോട് ഇമ്മാതിരി ചോദ്യം ചോദിക്കുന്നത് ഔചിത്യമാണോ എന്നതാണ് മറു ചോദ്യം.
18ാം ചോദ്യം വികൃത ബിംബ കൽപ്പനകളെ കുറിച്ചും 20ാം ചോദ്യം സമകാലിക സിനിമയുടെ പ്രത്യേകതകളെ കുറിച്ചു മാണ്. കഴിഞ്ഞില്ല പരീക്ഷയെന്ന പരീക്ഷണം . ലാത്തിയും വെടിയുണ്ടയും എന്ന പാഠത്തിന്‍റെ രചനാപരമായ പ്രത്യേകതകൾ വിശദീകരിക്കണം. ബൈസിക്കൾ തീവ്സ് എന്ന വിശ്വവിഖ്യാത സിനിമ സമൂഹത്തിന്‍റെ കണ്ണാടയാകുന്നതെങ്ങിനെ എന്ന് വിശദീകരിക്കണം. ഫിലിം ഇൻസ്കിറ്റ്യൂട്ട് വിദ്യാർഥി പോലും ഉത്തരമെഴുതാൻ പെടാപ്പാടുപെട്ടു പോകുന്ന ചോദ്യമായി പോയി ഇത്. മലയാളം രണ്ടാം ഭാഷയായി പഠിക്കാൻ തീരുമാനിച്ചു എന്നൊരു തെറ്റല്ലേ ഈ കുട്ടികൾ ചെയ്തുള്ളൂ എന്ന ചോദ്യം ചോദ്യകർത്താവിന് സമർപ്പിക്കുന്നു.