ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകനും പ്രതിയുമായ സഞ്ജയ് റോയിയെ തൂക്കിക്കൊല്ലണമെന്ന് അമ്മ മാലതി. മകനോട് ദയ അരുതെന്നും കോടതി അവനെ കുറ്റക്കാരനായി കണ്ടെത്തിയതിനാല്‍ തൂക്കി കൊല്ലണമെന്നും അവര്‍ പറഞ്ഞു. 'ഒറ്റയ്ക്കിരുന്ന് കരഞ്ഞേക്കാം, പക്ഷേ എനിക്ക് മൂന്ന് പെണ്‍മക്കള്‍ കൂടിയുണ്ട്. അവനോട് ദയ അരുത്. ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വേദന എനിക്ക് മനസിലാകും'- അവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകന്‍ നിരപരാധിയെന്നാണ് കോടതി വിധിച്ചിരുന്നതെങ്കില്‍ അനാരോഗ്യം വകവച്ചും ജയിലിലെത്തി സന്ദര്‍ശിച്ചേനെയെന്നും അവര്‍ പറഞ്ഞു. വിചാരണയ്ക്കിടയില്‍ ഒരിക്കല്‍ പോലും സഞ്ജയെ കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തി കാണാന്‍ കൂട്ടാക്കിയിരുന്നില്ല.
ചിന്തിക്കാന്‍ പോലും കഴിയാത്ത ക്രൂരതയാണ് സഞ്ജയ് ചെയ്തതെന്നായിരുന്നു സഹോദരി സബിതയുടെ പ്രതികരണം. ഹൃദയം തകര്‍ന്ന് പോയെന്നും ക്രൂരമായി കൊല്ലപ്പെട്ടത് തന്നെപ്പോലെ തന്നെ ഒരു സ്ത്രീയാണെന്നും സാധ്യമായതില്‍ ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്ത് സാധാരണ എല്ലാവരെയും പോലെ ആയിരുന്നു സഞ്ജയ്. പക്ഷേ വളര്‍ന്നപ്പോള്‍ മദ്യം അവനെ കീഴടക്കി.എന്നിരുന്നാലും സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാളാണെന്ന് ആരും പറഞ്ഞുപോലും കേട്ടിരുന്നില്ല. കുറച്ച് വര്‍ഷങ്ങളായി സഞ്ജയ് വീട്ടിലല്ല താമസം. അതുകൊണ്ട് തന്നെ ക്രിമനല്‍ ബന്ധങ്ങളുണ്ടോയെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജയെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും അമ്പലത്തില്‍ പോകുന്നത് പോലും നിര്‍ത്തിയെന്നും അവര്‍ പറഞ്ഞു. അപമാനം കൊണ്ട് നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Also Read: 'ഞാനല്ല ഇത് ചെയ്തത്, നുണയെങ്കില്‍ രുദ്രാക്ഷം പൊട്ടിപ്പോകട്ടെ'
ബോക്സറായിരുന്ന സഞ്ജയ് 2019 മുതല്‍ കൊല്‍ക്കത്ത പൊലീസില്‍ സിവില്‍ വോളന്‍റിയറായി സേവനം ചെയ്ത് വരികയായിരുന്നു. 2024 ഓഗസ്റ്റ് ഒന്‍പതിനാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന ഡോക്ടറെ പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. പ്രതി ഇവിടേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ യുവതിയുടെ നഖത്തില്‍ നിന്ന് പ്രതിയുടെ ത്വക്കിന്‍റെ ഭാഗങ്ങൾ ലഭിച്ചിരുന്നു. ഡിഎൻഎ റിപ്പോർട്ടിൽ പ്രതി സഞ്ജയ് റോയിയാണെന്ന് തെളിയുകയും ചെയ്തു. സഞ്ജയ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും.