ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പ്രളയ് മിസൈലുകള്‍ പൊതുജനങ്ങള്‍ക്കും കാണാന്‍ റിപ്പബ്ലിക് ദിന പരേഡില്‍ അവസരം. അതേസമയം അപകടങ്ങളെ തുടര്‍ന്ന് നിലത്തിറക്കിയ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ ഉണ്ടാവില്ല. എന്നാല്‍ മറ്റ് 39 വിമാനങ്ങള്‍ ഫ്ലൈ പാസ്റ്റില്‍ പങ്കെടുക്കുമെന്നും പ്രതിരോധ സെക്രട്ടറി അറിയിച്ചു.
ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്നതും കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതുമായ പ്രളയ് മിസൈല്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുകയാണ് റിപ്പബ്ലിക് ദിന പരേഡിലൂടെ. 2023 ലാണ് മിസൈല്‍ സൈന്യത്തിന്‍റെ ഭാഗമായത്. കരസേനയുടെ മോട്ടോര്‍ സൈക്കിള്‍ റാലി ആയിരിക്കും ഇത്തവണത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഡെയര്‍ഡെവിള്‍സ് എന്ന് പേരുള്ള സംഘം 20.4 അടിഉയരത്തില്‍ പിരമിഡ് തീര്‍ത്ത് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് ഒരുക്കം. വിവിധ സേനാവിഭാഗങ്ങളുടെ 18 സംഘങ്ങളും 15 ബാന്‍ഡുകളും പരേഡില്‍ പങ്കെടുക്കും. അതോടൊപ്പം 5000 ആദിവാസി കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാരൂപങ്ങളുമുണ്ട്. 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡില്‍ 31 നിശ്ചല ദൃശ്യങ്ങളും അവതരിപ്പിക്കും.