സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനവും, ആത്മഹത്യയും, കൊലപാതകവും മാത്രമാണ് ഇക്കാലത്ത് വാര്‍ത്ത. ഇതിനിടയില്‍ വേറിട്ടൊരു മാതൃകയായിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശി പരംവീര്‍ റാത്തോഡ്. സ്വന്തം വിവാഹചടങ്ങില്‍ തന്നെ സ്ത്രീധനം വധുവിന്‍റെ കുടുംബത്തിന് മടക്കി നല്‍കിയിരിക്കുകയാണ് ഈ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍.
രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് സംഭവം. ഫെബ്രുവരി 14നാണ് പരംവീർ റാത്തോഡും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി നികിത ഭാട്ടിയയും തമ്മിലുള്ള വിവാഹം നടന്നത്. ചടങ്ങുകളുടെ ഭാഗമായി വധുവിന്‍റെ വീട്ടുകാര്‍ സ്ത്രീധനമായി 5,51,000 രൂപ വരന് കൈമാറി. വിവാഹചടങ്ങ് പൂര്‍ത്തിയായ ഉടന്‍ അതേവേദിയില്‍ വച്ച് പരംവീർ തുക വധുവിൻ്റെ കുടുംബത്തിന് തിരികെ നൽകി.
പണം ലഭിച്ചപ്പോള്‍ തന്നെ തനിക്ക് വലിയ വിഷമമായെന്ന് പരംവീര്‍ റാത്തോഡ് പറഞ്ഞു. സമൂഹത്തില്‍ നിലനല്‍ക്കുന്ന സ്ത്രീധനമെന്ന വ്യവസ്ഥതിയോട് വിയോജിപ്പും തോന്നി. പണം കൈമാറിയത് ചടങ്ങുകള്‍ക്കിടയിലായതിനാല്‍ വിസമ്മതിക്കാനായില്ല. പിന്നീട് അച്ഛനോടും ബന്ധുക്കളോടും ആലോചിച്ച ശേഷം അതേവേദിയില്‍ വച്ചു തന്നെ അത് തിരിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
വിദ്യാസമ്പന്നർ മാറുന്നില്ലെങ്കിൽ, പിന്നെ ആരാണ് മാറുക. നമ്മൾ സമൂഹത്തിന് മാതൃക കാണിക്കണം. എനിക്കും ഒരു സഹോദരിയുണ്ട്. ഈ കൊള്ളരുതായ്മകൾ അവസാനിപ്പിച്ചില്ലെങ്കിൽ, സമൂഹത്തിൽ എങ്ങനെ മാറ്റം കൊണ്ടുവരും? നമ്മള്‍ ഓരോരുത്തരും ഇത്തരം കാര്യങ്ങള്‍ തുടങ്ങാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീധന പീഡനങ്ങള്‍ നാള്‍ക്കുനാള്‍ കൂടി വരുന്ന പുതിയ കാലഘട്ടത്തില്‍ പരംവീർ റാത്തോഡിനെപോലുള്ളവര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന പ്രതികരണം