ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തം. ആ നിമിഷങ്ങളൊന്ന് പൊലിപ്പിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഒന്നുമിനുങ്ങി. പക്ഷേ പിന്നീട് എല്ലാം കൈവിട്ടുപോയി. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി രവീന്ദ്രകുമാറാണ് ആ ഹതഭാഗ്യന്‍. സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹം ആഘോഷമാക്കിയ രവീന്ദ്രകുമാര്‍ വേദിയിലേക്കെത്തിയത് മദ്യത്തില്‍ മുങ്ങിയാണ്. കാലുറയ്ക്കാതെ വിവാഹവേദിയിലെത്തിയ ഇയാളുടെ ദൃശ്യങ്ങവാണ് സൈബറിടത്ത് വൈറല്‍.
അഞ്ഞൂറോളം വരുന്ന അതിഥികളെ സാക്ഷി നിര്‍ത്തിയാണ് ഇയാള്‍ വരണമാല്യം ചാര്‍ത്തിയത്. മാലയിട്ടത് മാത്രമേ ഓര്‍മയുള്ളൂ പിന്നെ തലങ്ങും വിലങ്ങും അടിയായിരുന്നു. ലഹരിയില്‍ രവീന്ദ്രകുമാര്‍ മാലചാര്‍ത്തിയത് വധുവിനൊപ്പമുണ്ടായിരുന്ന കൂട്ടുകാരിക്കായിരുന്നു. അബദ്ധം മനസിലാക്കിയ വരന്‍ മാല തിരിച്ചെടുത്ത് വധുവിന്‍റെ അടുത്ത് ഒരു നിമിഷം നിന്നു. തുടര്‍ന്ന് മാല വീണ്ടും ചാര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ അത് വീണത് തൊട്ടടുത്തുണ്ടായിരുന്ന യുവാവിന്‍റെ കഴുത്തില്‍. തെറ്റ് തിരിച്ചറിഞ്ഞ് മാല വീണ്ടും തിരിച്ചെടുത്തു. അടുത്ത ഊഴം സമീപത്തുണ്ടായിരുന്ന പ്രായമായ അതിഥിയുടേതായിരുന്നു. ഇതെല്ലാം നിശബ്ദയായി നോക്കിനിന്ന വധു അതുവരെ സഹിച്ചു . പിന്നെ പ്രതികരിച്ചു , 21കാരിയായ വധു രാധാദേവിയുടെ വകയായിരുന്നു ആദ്യ അടി. പിന്നെ ബന്ധുക്കള്‍ ഇടംവലം നോക്കിയില്ല . വധുവിന്‍റെ വീട്ടുകാര്‍ വിവാഹം ഉപേക്ഷിക്കുകയും ചെയ്തു.