കുട്ടികള്‍ വേണ്ടന്ന് പറഞ്ഞ് ഭാര്യ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് യുവാവ് രംഗത്ത്. ബെംഗളൂരുവിലെ താമസക്കാരനായ ശ്രീകാന്ത് എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തനിക്കൊപ്പം തുടരാന്‍ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്നും ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.
2022ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് ശ്രീകാന്ത് ആരോപിക്കുന്നു.ഭാര്യ നിരന്തരം വഴക്കുണ്ടാക്കി. കുടുംബത്തിന്റെ പിന്തുണയോടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വര്‍ക്ക് ഫ്രം ഹോമിനിടെ ഭാര്യ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കിടെ ഉറക്കെ പാട്ടുവെച്ച് ഡാന്‍സ് കളിക്കുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിക്കുന്നു.