പ്രതീകാത്മക ചിത്രം
ഭാര്യ പോണ്‍ വിഡിയോ കാണുന്നതോ സ്വയംഭോഗം ചെയ്യുന്നതോ കാരണമാക്കി ഭര്‍ത്താവിന് വിവാഹമോചനം തേടാനാകില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ഏതൊരു വ്യക്തിക്കുമുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമാണത്. വിവാഹത്തോടെ അത് പങ്കാളിക്കു മുന്നില്‍ അടിയറവു വയ്ക്കണം എന്ന് നിര്‍ബന്ധിക്കാനാകില്ല. അതുകൊണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി.
കീഴ്ക്കോടതി വിവാഹമോചനം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ക്രൂരമായാണ് തന്നോട് പലപ്പോഴും പെരുമാറാറുള്ളത് എന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യ പോണ്‍ വിഡിയോകള്‍ക്കടിമയാണ്, സ്വയംഭോഗം ചെയ്യുന്നു എന്നാണ് വിവാഹമോചനത്തിന് പ്രധാന കാരണമായി യുവാവ് പറഞ്ഞത്. പക്ഷേ യുവാവിന്‍റെ ആവശ്യം നിരസിച്ചുകൊണ്ട് സ്വയം സന്തോഷം കണ്ടെത്തുക എന്നത് എങ്ങനെ വിലക്കപ്പെട്ട കനിയാകും എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
പുരുഷന്മാര്‍ക്ക് ഇതൊക്കെയാകാം എന്ന് പറയുന്നവര്‍ എന്തുകൊണ്ട് സ്ത്രീകളുടെ കാര്യത്തില്‍ ഇങ്ങനെ ചിന്തിക്കുന്നില്ല? ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പോണ്‍ വിഡിയോകള്‍ കാണുന്നത് തെറ്റാണെന്ന സദാചാരബോധം സമൂഹത്തിലുണ്ട്. പക്ഷേ നിയമപരമായി അത് തെറ്റാണെന്ന് വാദിക്കാനാകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.