Image Credit: x.com/SachinGuptaUP
ഉത്തര്‍പ്രദേശില്‍ വർഷാവസാന സ്റ്റോക്ക് ക്ലിയറൻസ് സെയിലുമായി മദ്യശാലകള്‍ അധികം പ്രചാരം നല്‍കാതെയാണ് വില്‍പ്പന തുടങ്ങിയതെങ്കിലും ഒറ്റരാത്രികൊണ്ട്, വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഇതോടെ മദ്യശാലകള്‍ക്ക് ആളുകളുടെ ഒഴുക്കായി. പലയിടത്തും കുപ്പി ഒന്ന് വാങ്ങിച്ചാല്‍ ഒരു കുപ്പി സൗജന്യമായി നല്‍കിയിരുന്നു. വലിയതോതില്‍ വിലക്കിഴിവും നല്‍കുന്നുണ്ട്.
ഓഫറിനെ തുടര്‍ന്ന് യുപിയിലെ വിവിധ ജില്ലകളില്‍ മദ്യശാലകൾക്ക് പുറത്ത് നീണ്ട നിരയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകളിടിച്ച് കയറിയതോടെ പലയിടത്തും കാര്യങ്ങള്‍ കൈവിട്ടു. ആളുകള്‍ അക്രമാസക്തരാകുകയും ചെയ്തു. ഒടുവില്‍ ചൊവ്വാഴ്ച ഉച്ചയോടെ ക്രമസമാധാനം നിലനിർത്താൻ ഒട്ടേറെ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിക്കേണ്ടിവന്നു. എന്നാല്‍ അക്രമങ്ങൾ മൂലമല്ല, മുൻകരുതൽ എന്ന നിലയിലാണ് പൊലീസ് മുഴുവൻ സമയവും കാവൽ നില്‍ക്കുന്നതെന്നാണ് കടയുടമകള്‍ പറയുന്നത്.
ഇതിനിടെ പെട്ടി നിറയെ മദ്യകുപ്പികളുമായി പുറത്തേക്ക് വരുന്ന ആളുകളുടെ മുഖത്തെ സന്തോഷവും കാണേണ്ട കാഴ്ടചയായിരുന്നു! ജോലിയില്‍ നിന്ന് അവധിയെടുത്തും നേരത്തെ കടയടച്ചുമെല്ലാം ആളുകള്‍ വന്ന് മണിക്കൂറുകളോളം കാത്തുനിന്നാണ് മദ്യം വാങ്ങുന്നത്. വിലകുറഞ്ഞ മദ്യം സ്ഥിരമായി വാങ്ങിയിരുന്നവര്‍ വിലക്കഴിവു പ്രഖ്യാപിച്ചതോടെ സ്കോച്ചുമായാണ് മടങ്ങുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇനി ഒരിക്കലും മദ്യം ലഭിക്കില്ലെന്നാണ് പലരുടേയും വിചാരം.
ഏപ്രിൽ ഒന്നിന് ഉത്തര്‍പ്രദേശില്‍ പുതിയ മദ്യനയം പ്രാബല്യത്തിൽ വരികയാണ്. ഇതേതുടര്‍ന്ന് മാർച്ച് 31-നകം സ്റ്റോക്ക് തീർക്കുകയാണ് കടയുടമകളുടെ ലക്ഷ്യം. കഴിഞ്ഞ ആറ് വർഷമായി മദ്യവിൽപ്പനശാലകൾക്ക് സര്‍ക്കാര്‍ ലൈസൻസ് പുതുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വർഷം ലൈസന്‍സ് നല്‍കാനായി സർക്കാർ ഇ-ലോട്ടറി സംവിധാനം അവതരിപ്പിക്കുകയാണ് ചെയ്തത്. പുതിയ സാമ്പത്തിക വർഷത്തേക്ക് ലൈസൻസ് ലഭിച്ചില്ലെങ്കില്‍ മാർച്ച് 31 ന് ശേഷം കടകളില്‍ അവശേഷിക്കുന്ന സ്റ്റോക്ക് നിയമപരമായി വിൽക്കാൻ കഴിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനകം ഇതുവരെ 15,609 പ്രാദേശിക മദ്യശാലകള്‍, ബിയറും ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വില്‍ക്കുന്ന 9,341 കോമ്പോസിറ്റ് കടകൾ, 1,317 ഭാങ് കടകൾ, 430 മാതൃകാ മദ്യവില്‍പനശാലകള്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
അതേസമയം, മാർച്ച് 31 ന് മുമ്പ് ബാക്കിയുള്ള സ്റ്റോക്ക് സർക്കാർ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഹർജി നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, സർക്കാർ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. അങ്ങിനെയെങ്കില്‍ മാർച്ച് 31 ന് ശേഷം ബാക്കിയുള്ള സ്റ്റോക്ക് വ്യാപാരികള്‍ക്ക് നശിപ്പിക്കേണ്ടതായി വരും. ഇതിനെ തുടര്‍ന്നാണ് ഏപ്രിൽ ഒന്നിന് മുമ്പ് സ്റ്റോക്ക് തീർക്കാൻ ഉത്തർപ്രദേശിലെ മദ്യശാലകൾ വൻ കിഴിവുകൾ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ‘ഓഫറിനെ’ തുടര്‍ന്ന് പലയിടങ്ങളിലും മദ്യ വിൽപ്പന സാധാരണ ദിവസത്തേക്കാൾ കുറഞ്ഞത് അഞ്ച് മടങ്ങ് വരെ വർദ്ധിച്ചിട്ടുണ്ട്.