Image: facebook.com/goindigo.in
പറന്നുയര്‍ന്നതിന് പിന്നാലെ യാത്രക്കാരിലൊരാള്‍ മരിച്ചതോടെ ഇന്‍ഡിഗോ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. ലക്നൗവില്‍ ശനിയാഴ്ചയാണ് സംഭവം. പട്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ സതീഷ് ചന്ദ്ര ബര്‍മന്‍(63) എന്ന അസം സ്വദേശിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു സതീഷിന്‍റെ യാത്ര.
യാത്ര ആരംഭിച്ചതിന് പിന്നാലെ സതീഷിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായി. ഉടന്‍ തന്നെ വിവരം വിമാന ജീവനക്കാരെ അറിയിക്കുകയും പൈലറ്റിന് കൈമാറുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതോടെ ഏറ്റവുമടുത്ത വിമാനത്താവളമായ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതിയും നല്‍കി. തുടര്‍ന്ന് അടിയന്തരമായി വിമാനം ലക്നൗവില്‍ ഇറക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ സതീഷിന് പ്രാഥമിക ചികില്‍സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഹൃദയാഘാതമാണോ സതീഷിന്‍റെ മരണകാരണമെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടിത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
മാര്‍ച്ച് 21ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത 52കാരനും സമാനമായി മരിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന വിസ്താര എയര്‍ലൈന്‍സിന്‍റെ വിമാനത്തിലും യാത്രക്കാരന്‍ മരിച്ച സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്ലൈറ്റിനുള്ളില്‍ വച്ച് കഴിച്ച ഭക്ഷണപാത്രം ശേഖരിക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് യാത്രക്കാരനായ ആഷി ദൗലയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ ഉടന്‍ തന്നെ പരിശോധിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റുകളിട്ട നിലയിലും ഭക്ഷണം തൊട്ടുപോലും നോക്കിയിട്ടില്ലാത്ത നിലയിരുമാണ് ആഷിഫിനെ കണ്ടെത്തിയത്.