പ്രതീകാത്മക ചിത്രം (File Image: Delhi Police)

ഗുണ്ടാ നേതാവ് ഹാഷിം ബാബയ്ക്ക് സ്റ്റേഷനുള്ളില്‍ ഈദ് സല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം. വടക്കു കിഴക്കന്‍ ന്യൂഡല്‍ഹിയിലാണ് സംഭവം. അന്വേഷണ വിധേയമായാണ് നടപടിയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഡി.സി.പി, സബ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഗുരുതര വീഴ്ച ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്നും ഉടനടി പുതിയ ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. 

അതേസമയം, ഗുണ്ടാ നേതാവിന് വേണ്ടി ഈദ് സല്‍ക്കാരം ഒരുക്കിയതല്ലെന്നും ഹാഷിം ബാബ പ്രതിയായ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയാണെന്നും അന്നേ ദിവസം സ്റ്റേഷനില്‍ ഈദ് പാര്‍ട്ടി നടക്കുകയായിരുന്നുവെന്നുമാണ് പൊലീസുകാര്‍ പറയുന്നത്. റമസാന്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പട്രോളിങ് നടത്തുന്നതിനിടെ പിടിയിലായ അക്രമിക്ക് ഹാഷിം ബാബയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഹാഷിമിനെ ചോദ്യം ചെയ്യാനെന്ന പേരില്‍ സ്റ്റേഷനില്‍ എത്തിച്ചത്.  റിമാന്‍ഡ് ചെയ്യേണ്ടതിന് പകരം വി.ഐ.പി പരിഗണനയായിരുന്നു ഗുണ്ടാത്തലവന് സ്റ്റേഷനില്‍ ലഭിച്ചത്. ഹാഷിം ബാബ എത്തിയതിന് പിന്നാലെ അനുയായികളും കുടുംബാംഗങ്ങളും കൂടി സ്റ്റേഷനിലേക്ക് എത്തി. തുടര്‍ന്ന് വിപുലമായ 'റമസാന്‍' ആഘോഷമാണ് സ്റ്റേഷനില്‍ നടന്നതെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അടിയന്തര പ്രാധാന്യത്തോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് ഹാഷിം ബാബ. ലോറന്‍സ് ബിഷ്ണോയുടെ സംഘങ്ങളുമായി ഹാഷിമിന് അടുത്ത ബന്ധമാണ് ഉള്ളത്.  പന്ത്രണ്ടാം വയസ് മുതല്‍ തുടങ്ങിയ കുറ്റകൃത്യമാണ് ഹാഷിം ബാബയുടേത്. അസീം എന്നായിരുന്നു ആദ്യ പേര്. ദാവൂദ് ഇബ്രാഹിമിനെ അനുകരിച്ചാണ് ഹാഷിം സംഘം വിപുലമാക്കിയത്. കള്ളപ്പണം, ആയുധക്കടത്ത്, ചൂതാട്ടം എന്നിങ്ങനെ ഹാഷിം ബാബയെന്ന എട്ടാംക്ലാസുകാരന്‍റെ പേരില്‍ എണ്ണിയാലൊടുങ്ങാത്ത കേസുകളാണ് ഡല്‍ഹിയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ENGLISH SUMMARY:

Three policemen from north eastern Delhi station transferred for organising Eid event..