ഹോസ്റ്റല്‍ കാന്റീന്‍ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് പത്ത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ബാങ്ക ജില്ലയിലെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചികിത്സയിലിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കോളജ് ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. കോളജ് കാന്റീനില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം നല്‍കുന്നതെന്നും സ്ഥിരം പ്രശ്നമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടതോടെ അക്ഷമരായ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാ തവണയും പരാതിപോലും മുക്കിക്കളയുന്ന സാഹചര്യമാണ് കോളജിലുള്ളതെന്നും ഇത്തവണ അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സ്വകാര്യ വ്യക്തിക്കാണ് സര്‍ക്കാര്‍ കോളജ് കാന്റീന്‍ നടത്തുന്നതിന്റെ കരാര്‍ ലഭിച്ചിരിക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമല്ല പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ സമാന പരാതി ഉയര്‍ന്നിട്ടുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്നവരെല്ലാം കാന്റീന്‍ ഭക്ഷണം തന്നെ കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും ഇല്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ലെന്നുമാണ് പരാതി ഉര്‍ന്നിരിക്കുന്നത്. ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് നേരത്തേയും കോളജ് കാന്റീനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.