ബെംഗളൂരുവില്‍ ആമസോണില്‍ ഗെയിം കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തവർക്ക് കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഖേദം പ്രകടിപ്പിച്ചിക്കുന്നുവെന്നും ആമസോണ്‍ പ്രതികരിച്ചു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളാണ് ഓൺലൈനായി ആമസോണില്‍ ഒരു എക്‌സ്‌ബോക്‌സ് ഗെയിം കൺട്രോളർ ഓർഡർ ചെയ്‌തത്. 

ദമ്പതികൾ പാക്കറ്റിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ മൂർഖൻ പാമ്പുണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വിഷമുള്ള പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ലെന്നും ദമ്പതികൾ പറയുന്നു. പാമ്പിനെ കണ്ടതോടെ ദമ്പതികൾ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുമായിരുന്നു. 

"ഞങ്ങൾ 2 ദിവസം മുമ്പാണ് ആമസോണിൽ നിന്ന് ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തത്. പാക്കറ്റ് തുറന്നപ്പോൾ ജീവനുള്ള പാമ്പിനെയാണ് കണ്ടത്. ബെംഗളൂരുവിലെ സർജാപൂർ റോഡിലാണ് ഞങ്ങൾ  താമസിക്കുന്നത്. പാക്കറ്റിനുള്ളിൽ മൂർഖൻ  പാമ്പിനെ കണ്ടതോടെ എല്ലാം ഞങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇതിന് ദൃക്‌സാക്ഷികളുമുണ്ട്. ഭാഗ്യവശാൽ, പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയിരിക്കുകയായിരുന്നു. അതുകൊണ്ട് അത് പുറത്ത് കടക്കുകയോ ഞങ്ങളുടെ വീട്ടിലോ അപ്പാർട്ട്മെൻ്റിലോ ആരെയും കടിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾക്ക് പൂർണ്ണമായും റീഫണ്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ ഉഗ്രവിഷമുള്ള പാമ്പ് ഞങ്ങളെ കടിക്കുകയോ എന്തെങ്കിലും സംഭവിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ആര് ഉത്തരവാദിത്തം പറയും. ഇത് ആമസോണിൻ്റെ അശ്രദ്ധയും മോശം സർവീസും മൂലം സംഭവിച്ച സുരക്ഷാ ലംഘനമാണ്. ഇത് വളറെ ഗുരുതരമായ വീഴ്ചയല്ലേ? - ഉപഭോക്താവ് പറഞ്ഞു. 

ആമസോൺ ഓർഡറുമായി ബന്ധപ്പെട്ട്  ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ആമസോൺ അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്തുമെന്നും തങ്ങളുടെ ടീം പരാതിക്കാരെ ബന്ധപ്പെടുമെന്നും കമ്പനി എക്സിലൂടെ പ്രതികരിച്ചു. 

ENGLISH SUMMARY:

Bengaluru couple finds cobra in Amazon package