17500ല്‍ താഴെ വരുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച മഹാരാഷ്ട്ര പൊലീസ് അധികൃതര്‍ ഞെട്ടി. കിട്ടിയത് 17 ലക്ഷത്തിലേറെ അപേക്ഷകള്‍. കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ബാന്‍ഡ് അംഗങ്ങള്‍, ദ്രുതകര്‍മ സേന, ജയില്‍ സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പൊതുതിരഞ്ഞെടുപ്പ് കാരണം നീട്ടിവച്ച റിക്രൂട്ട്മെന്‍റ് ഇന്നാണ് പുനഃരാരംഭിച്ചത്. ആകെ 17,76000 പേരാണ് ഈ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത്.
41 ഒഴിവു മാത്രം റിപ്പോര്‍ട്ട് ചെയ്ത ബാന്‍ഡ് അംഗങ്ങളുടെ പോസ്റ്റിലേക്ക് 32,023 അപേക്ഷകളാണ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന 41 പേര്‍ പൊലീസ് ബാന്‍ഡിന്റെ ഭാഗമാകും. അപേക്ഷകരില്‍ 40 ശതമാനവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 9565 ഒഴിവുകളാണുള്ളത്. ഇതിന് അപേക്ഷിച്ചത് എട്ടേകാല്‍ ലക്ഷം പേര്‍. 1686 ഡ്രൈവര്‍മാരുടെ ഒഴിവിലേക്കായി ലഭിച്ചത് രണ്ട് ലക്ഷത്തിനടുത്ത് അപേക്ഷകള്‍. ജയില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 1800 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് മൂന്നേമുക്കാല്‍ ലക്ഷം ഉദ്യോഗാര്‍ഥികള്‍.
ശാരീരികക്ഷമത പരീക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഒരേ ഉദ്യോഗാര്‍ഥി പല തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അങ്ങനെയുള്ളവര്‍ക്ക് പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി. കുറ്റമറ്റ രീതിയില്‍ റിക്രൂട്ട്മെന്‍റ് പൂര്‍ത്തിയാക്കാന്‍ സേന സജ്ജമാണെന്നും പൊലീസ് വക്താവ് അറിയിച്ചു.