karntaka

TOPICS COVERED

കര്‍ണാടക കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം രൂക്ഷമാക്കി സമുദായ ആചാര്യന്‍മാരും കളത്തില്‍. ഡി.കെ.ശിവകുമാറിനായി സിദ്ധരാമയ്യ സ്ഥാനത്യാഗം ചെയ്യണമെന്ന ആവശ്യവുമായി വൊക്കലിഗ സമുദായത്തിലെ ചന്ദ്രശേഖര്‍നാഥ് സ്വാമിജി രംഗത്തെത്തി. കെംേപഗൗഡയുടെ ജന്‍മദിനാഘോഷത്തില്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും വേദിയിലിരുത്തിയാണ് ആവശ്യം ഉന്നയിച്ചത്. സ്വാമിജിയല്ല, ഹൈക്കമാന്‍ഡാണു കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് സിദ്ധരാമയ്യ ചുട്ടമറുപടി നല്‍കി.

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തിനെ കുറിച്ച് ഹൈക്കമാന്‍ഡ് പഠന സംഘത്തെ നിയോഗിച്ചതിനു പിറകെയാണു നേതൃത്വ മാറ്റ ആവശ്യം കര്‍ണാടക കോണ്‍ഗ്രസില്‍ ശക്തമായത്. ഡി.കെ. ശിവകുമാറിനെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ ശക്തമാകവേയാണു വൊക്കലിഗ സമുദായ ആചാര്യമാരുടെ രംഗപ്രവേശനം. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഇടം വലം ഇരുത്തിയുള്ള സമുദായ ആചാര്യന്റെ ആവശ്യം സിദ്ധരാമയ്യ കേട്ടത് അസ്വസ്ഥനായിട്ടായിരുന്നു.

വേദിയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട സിദ്ധരാമയ്യ മഠാധിപതിയെ വെറുതെ വിട്ടില്ല. ഹൈക്കമാന്‍ഡാനാണു കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു പറഞ്ഞതോടെ പാര്‍ട്ടികാര്യത്തില്‍ മഠങ്ങള്‍ ഇടപെടേണ്ടന്ന കൃത്യമായ  സൂചനയും നല്‍കി.

സ്വാമിജി സ്ഥാനമൊഴിയുകയാണങ്കില്‍ കാഷായ വസ്ത്രം ധരിക്കാന്‍ തയ്യാറാണന്നു വ്യക്തമാക്കി സിദ്ധരാമയ്യയുടെ ഉറ്റ അനുയായി കൂടിയായ സഹകരണ മന്ത്രി കെ.എന്‍. രാജണ്ണ രംഗത്തെത്തിയും ശ്രദ്ധേയമായി. ഡി.കെ. ശിവകുമാറിനു പിറകെ ന്യൂനപക്ഷ,ദളിത്,ഗോത്ര മന്ത്രിമാര്‍ക്കു കൂടി ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ട് ഏഴുമന്ത്രിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതോടെയാണു ഇടവേളയ്ക്ക് ശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ അധികാരതര്‍ക്കം രൂക്ഷമായത്.

ENGLISH SUMMARY:

Group Conflict In Karnataka Congress