manipur-bridge-collapsed

TOPICS COVERED

മണിപ്പുരില്‍ പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണ് ഒരു മരണം. ഞായറാഴ്ച രാവിലെ ഇംഫാൽ വെസ്റ്റിലെ വാംഗോയ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇംഫാൽ നദിക്ക് കുറുകെയുള്ള ബെയ്‌ലി പാലമാണ് തകര്‍ന്നുവീണത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

ഇംഫാൽ നദിക്ക് കുറുകെ പുതുതായി നിര്‍മിച്ച പാലമാണ് തകര്‍ന്നത്. വിറക് കയറ്റിയ ട്രക്ക് പാലത്തില്‍ കയറിയതിന് പിന്നാലെ പാലം തകർന്ന് ട്രക്കടക്കം നദിയിലേക്ക് പതിക്കുകയായിരുന്നു. നാലുപേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പാലം തകര്‍ന്ന ഉടന്‍ മൂന്നുപേര്‍ ട്രക്കില്‍ നിന്നും പുറത്തേക്ക് ചാടി. എന്നാല്‍ ട്രക്കില്‍ നിന്നും പുറത്തുകടക്കാന്‍ സാധിക്കാതിരുന്ന എംഡി ബോർജാവോയാണ് (45) മരിച്ചത്. വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. 

അതേസമയം മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ഹൗസിംഗ്, നഗരവികസന മന്ത്രി വൈ ഖേംചന്ദ് എംഎൽഎ ഖുറൈജാം ലോകനൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഖേംചന്ദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ പാലം നേരത്തെ രണ്ട് തവണ തകർന്നിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ENGLISH SUMMARY:

One dead after truck falls into river after bridge collapses in Manipur