assam-rain-022-07

TOPICS COVERED

രൂക്ഷമായ പ്രളയത്തില്‍ മുങ്ങി അസം. 19 ജില്ലകളിലായി ആറുലക്ഷത്തിലധികംപേര്‍ പ്രളയക്കെടുതികളിലാണ്.  മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 45 ആയി.  മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. പുണെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ നാലുവയസുകാരന്‍റെ മൃതദേഹവും കണ്ടെത്തി. 

 

പ്രളയ ദുരിതത്തില്‍ മുങ്ങിത്താഴുകയാണ് അസം. ‌ബ്രഹ്മപുത്ര നദി ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വെള്ളപ്പൊക്കനിരപ്പില്‍ ഒഴുകുന്നു. മറ്റ് എട്ടുനദികളും കരകവിഞ്ഞു. 1,275 ഗ്രാമങ്ങളിലായി ആറു ലക്ഷത്തിലേറെ പേരാണ് പ്രളയക്കെടുതികളില്‍പ്പെട്ടത്. മുങ്ങുന്ന കൂരകളില്‍നിന്ന് അവശേഷിക്കുന്ന വസ്തുക്കളുമായി അഭയം തേടുകയാണ് ജനം.

ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.  ദുരന്ത നിവാരണ സേനയും സൈന്യവുമുൾപ്പെടെ രക്ഷാപ്രവർത്തനം നടത്തുന്നു. കാസിരംഗ, ഒറാങ് ദേശിയോദ്യാനങ്ങളിലെ വന്യമ‍ൃഗങ്ങളും പ്രളയത്തില്‍നിന്ന്  രക്ഷതേടുകയാണ്. 

അരുണാചൽ പ്രദേശിലെ കനത്ത മഴയാണ് തിങ്കളാഴ്ച തുടങ്ങിയ വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. അരുണാചലിലെ പടിഞ്ഞാറൻ മേഖലയിലും മഴ കനത്ത നാശം വിതച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും മൂന്നുദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.  

പുണെ ലോണാവാലയില്‍ ഞായറാഴ്ച മലവെള്ളപ്പാച്ചിലില്‍ കാണാതായ കുടുംബത്തിലെ നാലുവയസുകാരന്‍റെ  മൃതദേഹം  ഭുഷി ഡാമിന്‍റെ വൃഷ്ടിപ്രദേശത്തേുനിന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. അഞ്ചുപേരെ രക്ഷപ്പെടുത്തിയിരുന്നു

ENGLISH SUMMARY:

Assam Rain Updates