gujrat-crater

TOPICS COVERED

കനത്ത മഴയില്‍ ഗുജറാത്തിലെ ഗാന്ധിനഗറിൽ റോഡിന്‍റെ ഒരുഭാഗം തകര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് കാര്‍ വീണ് അപകടം. ഇന്ന് പുലർച്ചെയാണ് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ കാര്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ടു. കാറിന്‍റെ ഒരുഭാഗം പൂര്‍ണമായും കുഴിയിലേക്ക് വീണു കിടക്കുന്നതാണ് ദൃശ്യങ്ങള്‍. സമീപത്തുകൂടി മറ്റു വാഹനങ്ങള്‍ യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാം. 

അതേസമയം അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് പിടിഐ അറിയിക്കുന്നത്. ഗാന്ധിനഗറിനെ കൂടാതെ ഗുജറാത്തിലെ അഹമ്മദാബാദിലും റോഡ് തകര്‍ന്നു. അഹമ്മദാബാദ് നഗരത്തിലെ ഷേല മേഖലയിലാണ് റോഡ് തകര്‍ന്നത്. കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടു കാരണം പലയിടത്തും ജനജീവിതം ദുസഹമായി തുടരുകയാണ്.

ഞായറാഴ്ചയും കനത്തമഴയാണ് ഗുജറാത്തില്‍ ലഭിച്ചത്. അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. ഇത് ജനജീവിതത്തെയും ബാധിച്ചു. സൂറത്ത് ജില്ലയിലെ പൽസാന താലൂക്കിൽ 153 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പത്ത് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ മഴയാണിത്. 

സൂറത്ത്, ഭുജ്, വാപി, ബറൂച്ച്, അഹമ്മദാബാദ് നഗരങ്ങളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ഗതാഗതത്തെയും ബാധിച്ചു. ഗുജറാത്തിൽ നാല് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പലയിടങ്ങളിലും റോഡുകളും അടിപ്പാതകളും വെള്ളത്തിനടിയിലാണ്.

ENGLISH SUMMARY:

A car fell into crater after a part of a road Gujarat's Gandhinagar caved out following heavy rainfall. More details awaited.