സന്തോഷ് ലോഹറിനെ കടിച്ച പാമ്പ് അത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കടിക്കാന്‍ പാമ്പുകള്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കുമറിയാമെന്ന് സന്തോഷ് തെളിയിച്ചു. ബിഹാറിലെ രജൗളിയില്‍ റയില്‍വേ ട്രാക്ക് നിര്‍മാണത്തൊഴിലാളിയായ ഈ മുപ്പത്തഞ്ചുകാരന്‍റെ മറുകടി, പാമ്പിന്‍റെ 'കടിജീവിത'ത്തിന് അന്ത്യം കുറിച്ചു.
വനമേഖലയ്ക്കടുത്ത് ട്രാക്ക് നിര്‍മാണത്തിനെത്തിയതായിരുന്നു സന്തോഷും സഹപ്രവര്‍ത്തകരും. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാമ്പിന്‍റെ ആക്രമണം. കടി കിട്ടിയ സന്തോഷ് പകച്ചില്ല. പകരം പാമ്പിനെ പിടികൂടി തിരിച്ചു കടിച്ചു. അതും ഒന്നല്ല, രണ്ടുവട്ടം. മിനുട്ടുകള്‍ക്കം പാമ്പ് ചത്തു. സന്തോഷ് ലോഹറിനെ കൂട്ടുകാര്‍ രജൗളി സബ് ഡിവിഷന്‍ ആശുപത്രിയിലെത്തിച്ചു. ചികില്‍സ ഫലിച്ചു. ബുധനാഴ്ച രാവിലെ സന്തോഷ് ആശുപത്രി വിട്ടു.
ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ പാണ്ടുക സ്വദേശിയാണ് സന്തോഷ് ലോഹര്‍. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുകയെന്ന ചൊല്ലു പോലെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാല്‍ ജീവന്‍ രക്ഷപ്പെടുത്താം എന്നൊരു പ്രാദേശിക വിശ്വാസമുണ്ട് ലത്തേഹാറില്‍. പാമ്പിന്‍റെ വിഷം മറുകടിയിലൂടെ തിരിച്ച് പാമ്പിനു കൊടുക്കാം എന്ന ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. എന്നാല്‍ , ഈ വിശ്വാസമാണ് സന്തോഷിനെക്കൊണ്ട് തിരിച്ചു കടിപ്പിച്ചത്.
പാമ്പിനെ തിരിച്ചുകടിച്ച വാര്‍ത്തകള്‍ മുന്‍പും വന്നിട്ടുണ്ട്. 2019ല്‍ ഗുജറാത്തിലെ വഡോദരയില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച വയോധികന്‍റെ കഥയാണ് ഇതിലൊന്ന്. പാമ്പിനെ കൊന്നെങ്കിലും എഴുപതുകാരനും അന്ന് മരിച്ചിരുന്നു. 2021 ല്‍ ഒഡീഷയില്‍ കാലില്‍ കടിച്ച പാമ്പിനെ കടിച്ചു കൊന്ന കര്‍ഷകനായിരുന്നു മറ്റൊരു വാര്‍ത്തയിലെ ഹീറോ. 2022 ല്‍ ചത്തിസ്ഗഡില്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നത് എട്ടുവയസ്സുകാരനായിരുന്നു. തുര്‍ക്കിയിലെ രണ്ടു വയസ്സുകാരി കടിച്ച പാമ്പിനെ തിരിച്ചു കടിച്ചതും അതേ വര്‍ഷം നടന്ന സംഭവം.