തിങ്കളാഴ്ച ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പനാജിയിലേക്കുള്ള യാത്രയിലാണ് ഗോവ സ്പീക്കര്‍ രമേഷ് തവാഡ്കര്‍. വിലയേറിയ എസ്.യു.വിയിലാണ് യാത്ര. കാറിന് മുന്നിലും പിന്നിലും പൊലീസിന്റെ അകമ്പടി വാഹനങ്ങള്‍. 70 കിലോമീറ്റര്‍ സ്പീഡില്‍ സ്പീക്കറുടെ വാഹനം സൗത്ത് ഗോവയിലെ ന്യൂ സുവാരി പാലത്തിലേക്ക് കയറി. നിമിഷങ്ങള്‍ കഴിഞ്ഞില്ല, ഒരു വിറയല്‍ പോലെ അനുഭവപ്പെട്ടു. എന്താണെന്ന് മനസിലാകും മുന്‍പ് കാര്‍ ഡിവൈഡറില്‍ ഇടിച്ച് ഉയര്‍ന്നുപൊങ്ങി, കരണം മറിഞ്ഞ് താഴേക്ക്! വശങ്ങളിലേക്ക് ചരിയാതെ ഓടിക്കൊണ്ടിരുന്ന അതേ അവസ്ഥയിലാണ് കാര്‍ നിലത്തുവീണത്. അല്‍പം മുന്നോട്ടുനിരങ്ങി അത് നിന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ സ്തബ്ധരായിരുന്ന സ്പീക്കറെയും ഗണ്‍മാനെയും ഡ്രൈവറെയും പഴ്സണല്‍ സ്റ്റാഫ് അംഗത്തെയും എസ്കോര്‍ട്ട് വാഹനത്തിലെ പൊലീസുകാര്‍ ഓടിയെത്തി പുറത്തിറക്കി. ആര്‍ക്കും കാര്യമായ പരുക്കില്ല!
ഇന്നുരാവിലെ സ്പീക്കര്‍ തവാഡ്കര്‍ തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹൈ എന്‍ഡ് കാറിന്റെ പിന്‍വീലുകള്‍ ജാം ആയതാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ കാരണം പരിശോധിക്കുന്നുണ്ട്. ഏതായാലും ആര്‍ക്കും അപായമുണ്ടാകാതെ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് സ്പീക്കറും പാര്‍ട്ടിയും നിയമസഭയിലെ മറ്റംഗങ്ങളും. തിങ്കളാഴ്ചയാണ് ഗോവ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്.