ചെന്നൈയിലെ കുപ്പത്തൊട്ടിയില്‍ നിന്ന് ശുചീകരണ തൊഴിലാളികള്‍ കണ്ടെടുത്തത് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്സലേസ്. ചൈന്നെ നഗരത്തില്‍ താമസിക്കുന്ന ദേവരാജിന്‍റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട മാലയാണ് തൊഴിലാളികള്‍ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചത്.
ദേവരാജിന്‍റെ മകളുടെ വിവാഹത്തിന് അദ്ദേഹത്തിന്‍റെ അമ്മ സമ്മാനമായി നല്‍കിയ നെക്ലേസാണ് കുപ്പൊത്തൊട്ടിയിലെത്തിയത്. വീട്ടില്‍ നിന്നും മാലിന്യം കളയുന്നതിനിടയില്‍ അറിയാതെ മാലയും പെട്ടുപോകുകയായിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ പൂമാലയില്‍ കുരുങ്ങിയ നിലയിലായിരുന്നു നെക്‌ലേസ് കണ്ടെത്തിയത്.
മാല നഷ്ടപ്പെട്ട ഉടന്‍ തന്നെ സംശയം തോന്നിയ ദേവരാജ് കോര്‍പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടു. മാലിന്യ സംസ്‌കരണത്തിനായി ചെന്നൈ കോർപ്പറേഷനില്‍ നിന്നും കരാറെടുത്ത കമ്പനി അധികൃതരുടെയും അവരുടെ ഡ്രൈവറായ ജെ.ആന്‍റണിസാമിയുടെയും നേതൃത്വത്തിൽ സമീപത്തെ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ തിരച്ചിൽ ആരംഭിച്ചു. പിന്നാലെയാണ് മാല കണ്ടെത്തി തിരിച്ചേല്‍പ്പിച്ചത്. മാല വീണ്ടെടുക്കാൻ സഹായിച്ചതിന് ആന്‍റണിസാമിയോടും ശുചീകരണ തൊഴിലാളികളോടും ദേവരാജ് നന്ദി പറഞ്ഞു.