സെലിബ്രിറ്റികളുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരുടെയും ഹോം ടൂര്‍ വിഡിയോകള്‍ സോഷ്യല്‍ ലോകത്ത് തരംഗമാണ്. പലരും തങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ വിശേഷങ്ങളും അതിലേക്ക് എത്തിച്ചേര്‍ന്ന കഠിനമായ സാഹചര്യങ്ങളും മറ്റും പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ 500 രൂപ മാസ വാടകയില്‍ മുംബൈയിലെ ചേരികളില്‍ താമസിക്കുന്നവരുടെ ‘ഹോം ടൂര്‍’ വിഡിയോകള്‍ കണ്ടിട്ടുണ്ടോ? ഇടുങ്ങിയ വഴികളും വൃത്തിഹീനമായ അന്തരീക്ഷവും നിന്നു തിരിയാന്‍ പോലും സ്ഥമില്ലാത്തതുമായ ഇടങ്ങള്‍...
സൊമാറ്റോ ഡെലിവറി നടത്തുന്ന പ്രഞ്ജോയ് ബോർഗോയാരി എന്ന യുവാവ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വൈറല്‍. പ്രതിമാസം 500 രൂപയ്ക്ക് മറ്റൊരാളോടൊപ്പമാണ് പ്രഞ്ജോയ് താമസിക്കുന്നത്. മുംബൈയിലെ ഉയർന്ന ജീവിതച്ചെലവുകളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഒരു ചെറുഭവനമെങ്കിലും നിര്‍മിക്കാന്‍ സഹിക്കേണ്ടി വരുന്ന സാമ്പത്തിക ബാധ്യത യുവാവ് വ്യക്തമാക്കുന്നുണ്ട്. വിഡിയോയില്‍ ഒരു പൂച്ചക്കുട്ടിയെ താലോലിക്കുന്നതും കാണാം. ഇടുങ്ങിയ താമസ സ്ഥലങ്ങള്‍ക്കപ്പുറം നേരിടേണ്ടിവരുന്ന ആരോഗ്യ പ്രശ്നങ്ങളും യുവാവ് വ്യക്തമാക്കുന്നു.
എന്നാല്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ക്കപ്പുറം ജീവിതത്തെ പോസ്റ്റീവായി കാണാനാണ് യുവാവ് ആഗ്രഹിക്കുന്നത്. പ്രഞ്ജോയുടെ ഈ മനോഭാവം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആരാധകരെ സൃഷ്ടിക്കുന്നത്. വെല്ലുവിളികള്‍ക്കിടയിലും ഫുട്ബോളിനെയും സംഗീതത്തെയും നെഞ്ചോടു ചേര്‍ത്താണ് പ്രഞ്ജോയുടെ യാത്ര.
4.5 മില്യണിലധികം കാഴ്ചക്കാരെയാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. യുവാവിന് ഒരു ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുമുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ ഏത് ദുര്‍ഘട സാഹചര്യങ്ങളിലും പോസിറ്റിവായി ഇരിക്കുന്നതില്‍ യുവാവിനെ പ്രശംസിച്ച് നെറ്റിസണ്‍സുമെത്തി. ഇതിലൊരാള്‍ പ്രഞ്ജോയക്കുവേണ്ടി മൂന്ന് മാസത്തെ വാടക മുന്‍കൂറായി അടച്ചുകഴിഞ്ഞു.