ബാല്യകാല സുഹൃത്തുമായുള്ള തന്‍റെ ഭാര്യയുടെ ഇഷ്ടം തിരിച്ചറിഞ്ഞ് വിവാഹം നടത്തിക്കൊടുത്ത് യുവാവ്. ബിഹാറിലെ ലഖിസരായി ജില്ലയിലെ രാംനഗർ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് പിന്നാലെ മുന്‍ ഭര്‍ത്താവിന് നന്ദി പറഞ്ഞ് യുവതിയും ആശീര്‍വദിച്ച് യുവാവും രംഗത്തെത്തിയിരുന്നു.
2021ലാണ് ഇരുപത്തിരണ്ടുകാരിയായ ഖുശ്ബു കുമാരിയും ഇരുപത്തിയാറുകാരനായ രാജേഷ് കുമാറും വിവാഹിതനാകുന്നത്. ഇരുവര്‍ക്കും രണ്ടുവയസുള്ള ഒരു മകനുമുണ്ട്. എന്നാല്‍ വിവാഹത്തിനും മകന്‍റെ ജനനത്തിനും ശേഷവും ഖുശ്ബു കുമാരിക്ക് ബാല്യകാല സുഹൃത്തായ ചന്ദന്‍ കുമാറിനോടുള്ള അഗാധമായ പ്രണയം തുടര്‍ന്നുപോന്നു. ഒരു രാത്രിയില്‍ ചന്ദന്‍ കുമാര്‍ യുവതിയെ കാണാന്‍ വീട്ടിലെത്തിയതോടെയാണ് കാര്യങ്ങള്‍ നാടകീയമായി വിവാഹത്തിന് വഴിമാറുന്നത്.
യുവതിയെ കാണാനെത്തിയ ചന്ദന്‍ കുമാറിനെ ഭര്‍ത്താവിന്‍റെ വീട്ടുകാരാണ് പിടികൂടിയത്. പിന്നാലെ ഖുശ്ബുവിനെ അവളുടെ മുൻ കാമുകന് വിവാഹം കഴിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹം. ചടങ്ങിന് ശേഷം വിവാഹത്തിന് പൂര്‍ണ പിന്തുണ നല്‍കി യുവതിയുടെ മുന്‍ ഭര്‍ത്താവ് യുവതിയേയും കാമുകനേയും ആശീര്‍വദിച്ച് യാത്രയാക്കി.
‘ഇരുവരും അഗാധമായ പ്രണയത്തിലായിരുന്നു, പലപ്പോഴും പരസ്പരം സംസാരിക്കുന്നതും ഞാന്‍ കണ്ടിരുന്നു. അവരുടെ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ എന്റെ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിച്ചു നല്‍കിയത്’, ഇരുവരെയും ആശീര്‍വദിച്ചുകൊണ്ട് രാജേഷ് പറഞ്ഞു. അതേസമയം തന്നെ മനസിലാക്കിയതിന് ഖുശ്ബുവും രാജേഷിനോട് നന്ദി പറഞ്ഞു.
എന്നാല്‍ തന്‍റെ മകനെ വിട്ടുകൊടുക്കില്ലെന്നാണ് രാജേഷിന്‍റെ നിലപാട്. അവനെ ഞങ്ങള്‍ക്ക് വിട്ടുപിരിയാന്‍ കഴിയില്ലെന്നും അവനാണ് ഞങ്ങളുടെ ഏക സന്തോഷമെന്നും രാജേഷിന്‍റെ അമ്മയും പറയുന്നു.