വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് തെലങ്കാന ഭക്ഷ്യസുരക്ഷ വിഭാഗം. ഹൈദരാബാദിലെ ഒന്നിലേറെ റസ്റ്റൊറന്‍റുകള്‍ക്കെതിരെയാണ് നടപടി വന്നത്. ഹൈടെക് സിറ്റിയില്‍ ഉള്ള എക്സോട്ടിക എന്ന നോര്‍ത്തിന്ത്യന്‍ റസ്റ്റൊറന്‍റിലെ അടുക്കളയില്‍ നിന്നും പാറ്റകളെയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. യെസ് ബവര്‍ചി മള്‍ട്ടി കസീന്‍ റസ്റ്റൊറന്‍റില്‍ വിളമ്പിയ ഭക്ഷണത്തിലാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റസ്റ്റൊറന്‍റിലെ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലും എലിയുടെ സാന്നിധ്യം കണ്ടെത്തി.
ഭക്ഷ്യസാധനങ്ങളില്‍ ജീവികളെ കണ്ടെത്തിയതിന് പുറമെ വൃത്തിഹീനമായ വെള്ളമാണ് ഇവര്‍ ആഹാരം പാകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതെന്നും നിരോധിച്ച നിറങ്ങള്‍ ആഹാരത്തില്‍ ചേര്‍ത്തതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹൈദരാബാദ് ഗ്രാന്‍ഡ് ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതായും സോസുകള്‍, തേങ്ങപ്പാല്‍, റോസ് വാട്ടര്‍, ഫിഷ്മസാ, തൈം തുടങ്ങിയവ കാലാവധി കഴിഞ്ഞതാണ് ഉപയോഗിച്ച് വന്നതെന്നും ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ കണ്ടെത്തി.
ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും വൃത്തിഹീനമായാണെന്നും ആഹാരം പാകം ചെയ്ത ശേഷം പലയിടങ്ങളിലും മൂടി വയ്ക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ക്കെല്ലാം നോട്ടിസ് നല്‍കി. കടുത്ത നടപടി സ്വീകരിക്കുമെന്നും ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.