ചണ്ഡിഗഡില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതിയില്‍ ഒരുദിവസത്തിന് ശേഷം ഒഴുകിയെത്തിയത് ചെളിവെള്ളം. ചണ്ഡിഗഡിലെ മണിമജ്‌രയിലാണ് സംഭവം.
നിരാശരായ നാട്ടുകാര്‍ പറയുന്നതിങ്ങനെ 'ഞായറാഴ്ച, കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മാത്രമായിരുന്നു പൈപ്പില്‍ ശുദ്ധജലമുണ്ടായിരുന്നത്. വൈകുന്നേരത്തോടെ സ്ഥിതി മാറി. പൈപ്പില്‍ നിറയെ ചെളിവെള്ളം. 24മണിക്കൂറും വെള്ളം വേണമെന്ന് നിര്‍ബന്ധമില്ല. നല്‍കുന്നത് ശുദ്ധജലമായാല്‍ മതി ഇനി വാട്ടർ പ്യൂരിഫയറുകൾ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് പദ്ധതി കൊണ്ടുവന്നത്. പക്ഷേ ഫലത്തില്‍ ഇവിടെ ഒരുമാറ്റവുമില്ല. കൈകഴുകാന്‍ പോലും ഈ വെള്ളം കൊള്ളില്ല.
അതേസമയം, പ്രദേശത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ചീഫ് എഞ്ചിനീയർ എൻപി ശർമ്മ പ്രതികരിച്ചു. ഫുൾ പ്രഷർ സപ്ലൈ സമയത്ത് മർദം കാരണം ഒരു സോൺ എൻഡ് ക്യാപ് തുറന്നിരുന്നു. ഇതുവഴി കുറച്ച് ചെളിവെള്ളം പൈപ്പിലേക്ക് കയറിയിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്നം ഉടനടി പരിഹരിച്ചിരുന്നു. ശേഷം പരിശോധന നടത്തുകയും ചെയ്തു. ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നാണ് ജലവിതരണചുമതലയുള്ള അധികൃതരുടെ വിശദീകരണം.