ഡല്‍ഹിയിലെ സിവില്‍സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളംകയറി മലയാളിയടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചത് ഒരാഴ്ച മുന്‍പാണ്. വിദ്യാഭ്യാസം വ്യവസായി മാറിയതിന്‍റെ ഫലമാണ് ദുരന്തം. കോടികളാണ് ഡല്‍ഹിയിലെ സിവില്‍സര്‍വീസ് കോച്ചിങ് സെന്ററുകള്‍ വാരിക്കൂട്ടുന്നത്. വിദ്യാര്‍ഥികളാവട്ടെ പണത്തിനൊപ്പം ജീവന്‍കൂടി പണയംവക്കേണ്ട അവസ്ഥയിലും. മലയാളികള്‍ അടക്കം ഒട്ടേറെപേര്‍ പരിശീലനത്തിനെത്തുന്ന ഓള്‍ഡ് രാജേന്ദ്രനഗറിലെ കാഴ്ചകളിലേക്ക്
ഭാവിതലമുറയുടെ സ്വപ്നങ്ങള്‍ക്ക് വിലയിടുന്ന വ്യാപാരം. കോടികള്‍ മൂല്യമുള്ള വിപണി. അതാണ് ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍. അപകടം നടന്ന ഓള്‍ഡ് രാജേന്ദ്ര നഗറില്‍ ചായക്കടകളേക്കാള്‍ കൂടുതലുണ്ട് കോച്ചിങ് സെന്‍ററുകള്‍. ഒരേ കെട്ടിടത്തില്‍ തന്നെ ഒന്നിലേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. റജിസ്ട്രേഷന്‍ ഉള്ളതും ഇല്ലാത്തതും. നിരക്കുകള്‍ പലത്.
സാധാരണ കച്ചവടത്തില്‍ ഉപഭോക്താവിന് നല്‍കാറുള്ള മിനിമം ഗ്യാരന്റികളൊന്നും ഈ വിദ്യാഭ്യാസ വ്യവസായത്തിനില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കോച്ചിങ് സെന്‍ററുകള്‍ വിരലിലെണ്ണാം. ഇന്ത്യ പാക് വിഭജനത്തെ തുടര്‍ന്ന് പഞ്ചാബില്‍നിന്ന് ഇന്ത്യയില്‍ എത്തിയവര്‍ക്ക് 1950 ല്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലവും വീടുകളുമാണ് ഓള്‍ഡ് രാജേന്ദ്രനഗരിലേത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കെട്ടിടങ്ങള്‍ പുറമെ മോടികൂട്ടിയാണ് ക്ലാസ് മുറികളാക്കുന്നത്. വാടക കുറവായതിനാല്‍ പാര്‍ക്കിങ്ങിനും സ്റ്റോറേജിനും അനുവദിച്ച ബേസ്മെന്‍റുകളും ക്ലാസ്മുറികളാക്കുന്നു. അധികൃതരുടെ മൗനസമ്മതത്തോടെയാണ് ഈ നിയമലംഘനങ്ങളെല്ലാം
പാര്‍പ്പിട കേന്ദ്രം എന്നതില്‍നിന്ന് മാറി വ്യവസായകേന്ദ്രമായി ഓള്‍ഡ് രാജേന്ദ്രനഗര്‍. ഹോസ്റ്റലുകള്‍, റെസ്റ്ററന്റുകള്‍, ബുക്ക് സ്റ്റാളുകള്‍, പ്രിന്‍റിങ് കേന്ദ്രങ്ങള്‍ തുടങ്ങി കോച്ചിങ് സെന്ററുകളോട് അനുബന്ധിച്ച് ഒട്ടേറെ സ്ഥാപനങ്ങള്‍ വന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രം മാറ്റമില്ല.