peacock-curry-case

മയിലിനെ കറിവച്ച് വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശിയായ പ്രണയ് കുമാര്‍ എന്ന യൂട്യൂബർക്കെതിരെയാണ് നടപടി. ‘പരമ്പരാഗത മയിൽ കറി റെസിപ്പി’ എന്ന തലക്കെട്ടോടുകൂടിയാണ് ഇയാള്‍ വിഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. യുവാവിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണ് ഇന്ത്യയുടെ ദേശീയപക്ഷികൂടിയായ മയില്‍. വിഡിയോ വൈറലായതിന് പിന്നാലെ രോഷവുമായി മൃഗ സംരക്ഷണ പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രണയ്കുമാറിനെതിരെ കേസെടുക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെ‌‌ടുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് രാജണ്ണ സിറിസില്ലാ ജില്ലാ എസ്പി അഖില മഹാജൻ പറഞ്ഞു. ഇയാളുടെ യൂട്യൂബ് പേജില്‍ നിന്നും വിഡിയോ നീക്കം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കാട്ടുപന്നിയെ പാകം ചെയ്യുന്ന വിഡിയോയും ഇയാള്‍ പങ്കുവച്ചതായി കണ്ടെത്തിയിട്ടുണ്ട്.

1963 ലാണ് ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തിരഞ്ഞെടുത്തത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണ് മയില്‍. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷന്‍ 51 (1 എ ) പ്രകാരം ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇരുപതിനായിരം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാം.

ENGLISH SUMMARY:

Case against YouTuber who posted the video of cooking a Peacock