കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ മരിക്കും മുമ്പ് സഹിച്ചത് കൊടിയ പീഡനവും വേദനയുമെന്ന് വെളിപ്പെടുത്തി ബന്ധുക്കള്‍. ആശുപത്രിയില്‍ ബലാല്‍സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ടിട്ടും ആത്മഹത്യയെന്ന് വരുത്താനായിരുന്നു അധികൃതരുടെ ശ്രമം. മകള്‍ ജീവനൊടുക്കിയെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹമൊന്നു കാണാന്‍ ബന്ധുക്കള്‍ക്ക് കാത്തു നില്‍ക്കേണ്ടിവന്നത് മൂന്നുമണിക്കൂറും.
അവിചാരിതമായാണ് ആശുപത്രിയില്‍ നിന്ന് ഫോണ്‍വിളിയെത്തിയത്. മരിച്ച പിജി ഡോക്ടറുടെ അമ്മയാണ് ഫോണെടുത്തത്. മകള്‍ മരിച്ചെന്ന വാര്‍ത്ത ഫോണിലൂടെ കേട്ട് അവര്‍ വിങ്ങിപ്പൊട്ടി. എത്രയും വേഗം ആശുപത്രിയിലെത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചെന്ന് പിജി ഡോക്ടറുടെ പിതാവ് പറഞ്ഞു. തൊട്ടയല്‍പ്പക്കത്തുള്ള ബന്ധുവിനെയും കൂട്ടി മാതാപിതാക്കള്‍ ആശുപത്രിയലെത്തി. മൃതദേഹം കിടത്തിയിടത്തേക്ക് കടത്തിവിടാന്‍ ആദ്യം അധികൃതര്‍ തയ്യാറായില്ല, മൂന്നുമണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുമതി. ഭാര്യയാണ് ആദ്യം മൃതദേഹം കണ്ടതെന്നും അവള്‍ അലമുറയിട്ട് കരഞ്ഞ് പുറത്തേക്ക് പോയെന്നും ഡോക്ടറുടെ പിതാവ് പറഞ്ഞു.
തുടര്‍ന്ന് അകത്ത് കടന്ന താന്‍ മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അധികൃതര്‍ തടഞ്ഞു. ഒരു ചിത്രം മാത്രമാണെടുത്തത്. ആ ചിത്രത്തിലേക്ക് ഒരിക്കല്‍കൂടി നോക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മാതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. വനിതാ ഡോക്ടറുടെ ശരീരത്തില്‍ വസ്ത്രമുണ്ടായിരുന്നില്ല .ഇടുപ്പെല്ലുകള്‍ പൊട്ടി കാലുകള്‍ 90 ഡിഗ്രി അകത്തിവച്ച നിലയില്‍. അവള്‍ എത്രമാത്രം വേദനസഹിച്ചെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തം. കണ്ണടപൊട്ടി ചില്ലുകള്‍ കണ്ണില്‍ തറച്ചുകയറിയിരുന്നു. ശ്വാസംമുട്ടിയാണ് അവള്‍ മരിച്ചത്. ഇതൊന്നും അതിശയോക്തിയല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതെല്ലാം വ്യക്തമാണ്.
കുടുംബത്തിന്‍റെയും ബന്ധുക്കളുടെയും വാദം ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും. തൈറോയിഡ് ഗ്രന്ഥി മുറിഞ്ഞിരുന്നുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. വയറിലും ചുണ്ടിലും വിരലുകളിലും ഇടത്തേ കാലിലും മുറിപ്പാടുകളും ഉണ്ടായിരുന്നു. കണ്ണുകളില്‍ നിന്നും, വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിക്കപ്പെട്ടുവെന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയയാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച കേസ് സിബിഐക്ക് കൈമാറി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സെമിനാര്‍ ഹാളില്‍ കിടന്നുറങ്ങിയ പിജി ഡോക്ടറെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോഡിയത്തില്‍ നഗ്നയായി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാരനായ സഞ്ജയ് എന്നയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.