ട്രെയിനുമായും ഇന്ത്യന്‍ റെയില്‍വേയുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അതിവേഗത്തിലാണ്. പലപ്പോഴും ശരിയാണോ വ്യാജമാണോ എന്ന് ചിന്തിക്കാതെയും ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ പങ്കിടാറുണ്ട്. ഇതിനിടയില്‍ ഒരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ മുഖാമുഖം വരുന്നതായി കാണിക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. സെപ്തംബർ 8 ന്, കേരള കോണ്‍ഗ്രസ് എക്സ് ഹാന്‍ഡിലില്‍ അടക്കം പങ്കിട്ട വിഡിയോയാണ് ഇപ്പോള്‍ വ്യാജമാണെന്ന് തെളിയുന്നത്.

‘ഒഡീഷയില്‍ രണ്ട് ലോക്കൽ ട്രെയിനുകൾ ഒരേ ട്രാക്കിൽ മുഖാമുഖം വരുന്നു. ഭാഗ്യവശാൽ, ജാഗ്രതയുള്ള ലോക്കോ പൈലറ്റുമാർ ഇടപെട്ട് കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു’ എന്ന് കുറിച്ചാണ് വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. 7,00,000-ത്തിലധികം ആളുകള്‍ കണ്ട വിഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം ഇപ്പോളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഡിയോയാണ് വ്യാജമാണെന്ന് കണ്ടെത്തിയതായി പിടിഐ ഫാക്ട് ചെക്ക് ഡെസ്ക് അറിയിക്കുന്നത്.

‌2024 സെപ്റ്റംബർ 1 ന് ഖുർദാ റോഡ് ഡിവിഷനിലെ കേന്ദ്രപാര റോഡ്-നെർഗുണ്ടി സെക്ഷനില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ വ്യക്തമാക്കിയതായാണ് പിടിഐ പറയുന്നത്. വിഡിയോയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും റെക്കോർഡ് ചെയ്ത ഇടത്ത് ഓട്ടോമാറ്റിക് സിഗ്നലിംഗ് ഉണ്ടെന്നുമാണ് റെയിൽവേ വ്യക്തമാക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് റെയില്‍വേ അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

A video showing two trains coming face to face, seemingly on the same track, has gone viral on social media with a claim that an alert loco pilot averted a major accident in Odisha. The PTI Fact Check Desk found the claim to be misleading. The Railways also clarified that the viral video contained nothing unusual and the section where it was recorded had automatic signalling.