West Bengal CM Mamata Banerjee addresses the media on RG Kar Medical College and Hospital rape-murder case, on Thursday. (ANI Photo)

കൊൽക്കത്തയിൽ ഡോക്ടറുടെ ബലാൽസംഗ കൊലയിൽ ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രി മമതാ ബാനർജി രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും ജൂനിയർ ഡോക്ടർമാർ ചർച്ചയ്ക്ക് എത്തിയിരുന്നില്ല. ഇതോടെ ജനങ്ങള്‍ക്കുവേണ്ടി രാജിവയ്ക്കാന്‍ തയാറെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ഡോക്ടർക്ക് നീതി ലഭിക്കുന്നതിലല്ല മുഖ്യമന്ത്രി കസേരയാണ് ഇവരുടെ ലക്ഷ്യമെന്നും മമത കുറ്റപ്പെടുത്തി.

ഒരു മാസത്തിലേറെയായി പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജൂനിയർ ഡോക്ടർമാര്‍. എന്നാല്‍  ഉപാധികൾവച്ച് ചർച്ച സാധ്യമല്ലെന്നാണ് ബംഗാൾ സർക്കാറിന്‍റെ നിലപാട്. ഇതോടെയാണ്  മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയിട്ടും ഡോക്ടര്‍മാരുടെ പ്രതിനിധി സംഘം ചർച്ചയ്ക്ക് പോകാതിരുന്നത്. ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനാൽ രണ്ട് മണിക്കൂർ ഓഡിറ്റോറിയത്തിന് പുറത്ത് സംഘം കുത്തിയിരുന്നു പ്രതിഷേധിച്ചു.

പിന്നാലെ, ജൂനിയർ ഡോക്ടർമാർ  ഇന്ന് സമരം തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ബംഗാൾ ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.. തന്റെ കസേരയാണ് പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് വേണ്ടതെങ്കിൽ അതിന് തയാറെന്നും മമത വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍‌ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നുള്‍പ്പെടെയുള്ള ഉപാധികളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ കേസില്‍ സുപ്രീം കോടതി വാദം കേൾക്കുന്നതിനാലും സിബിഐ അന്വേഷണം നടക്കുന്നതിനാലും ചര്‍ച്ചയുടെ തല്‍സമയ സംപ്രേക്ഷണം സാധ്യമല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

അതേസമയം, മമതയുടെ രാജിയോ മുഖ്യമന്ത്രി കസേരയോ തങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ പ്രതികരിച്ചു.‘ മുഖ്യമന്ത്രിയുടെ പ്രസ്താവന ഞങ്ങളെ വേദനിപ്പിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കാനും ഞങ്ങളുടെ അഞ്ച് ആവശ്യങ്ങൾ ചർച്ച ചെയ്യാനുമാണ് ഞങ്ങൾ ചര്‍ച്ചക്കായി സമീപിച്ചത്, അല്ലാതെ മുഖ്യമന്ത്രി കസേരയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ല’ പ്രതിഷേധക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച ഡോക്ടർമാരോട് ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഡ്യൂട്ടി പുനരാരംഭിച്ച ജൂനിയർ ഡോക്ടർമാരുടെ പട്ടിക ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലേക്കും കത്തയച്ച ദിവസമാണ് സംഭവം. ജൂനിയർ ഡോക്ടർമാർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചാൽ സമരത്തിൽ പങ്കുചേരുമെന്ന് മുതിർന്ന ഡോക്ടർമാരും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ആർജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി ജൂനിയർ ഡോക്ടർ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 9 മുതൽ സംസ്ഥാനത്തുടനീളം ഡോക്ടർമാർ പണിമുടക്കിലാണ്. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി, തെളിവുകളിൽ കൃത്രിമം കാണിച്ച എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി; ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ നടപടി; കൊല്‍ക്കത്ത പൊലീസ് കമ്മീഷണര് വിനീത് ഗോയലിന്‍റെ രാജി; പശ്ചിമ ബംഗാളിലെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഡോക്ടർമാർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങള്‍.

ENGLISH SUMMARY:

'I am even willing to resign for the sake of the people. I don’t want the chief minister’s post. I want the people to get justice', says West Bengal CM Mamata Banerjee on addressing the media on RG Kar Medical College and Hospital rape-murder case, on Thursday.