താജ്മഹല്‍ കാണാനെത്തിയ വിനോദസഞ്ചാരികളില്‍ രണ്ടുപേര്‍ ഉദ്യാനത്തില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കിയതായി പരാതി. സിഐഎസ്എഫ് ഉള്‍പ്പടെ കാവല്‍ നില്‍ക്കുന്നതിനിടെയാണ് രണ്ടുപേര്‍ ഉദ്യാനത്തിനുള്ളില്‍ മൂത്രമൊഴിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വിഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചത്. താജ്മഹലിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ പേരെ നിയോഗിക്കുന്നത് പരിഗണിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
രണ്ട് ശുചിമുറികള്‍ താജ്മഹല്‍ സമുച്ചയത്തിനുള്ളില്‍ തന്നെ വിനോദ സഞ്ചാരികള്‍ക്കായി പണികഴിപ്പിച്ചിട്ടുണ്ടെന്നും എന്നിട്ടും ഇങ്ങനെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു. വിഡിയോയിലെ വ്യക്തികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും തിരിച്ചറിഞ്ഞാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശികളുള്‍പ്പടെ ആയിരങ്ങള്‍ ദിവസവും സന്ദര്‍ശിച്ച് മടങ്ങുന്ന സ്ഥലമാണ് താജ്മഹല്‍. അവിടെ ഇത്തരമൊരു പ്രവര്‍ത്തിയുണ്ടാകുന്നത് ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണംകെടുത്തുന്നതാണെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ തടയേണ്ടതുണ്ടെന്നും തക്കശിക്ഷ നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
'നാണക്കേടെ'ന്നായിരുന്നു സംഭവത്തോട് ഗൈഡ് അസോസിയേഷന്‍റെ പ്രതികരണം. താജ്മഹലിന്‍റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടവര്‍ എന്ത് ചെയ്യുകയാണെന്നും സംഘടന ചോദ്യമുയര്‍ത്തുന്നു. താജ്മഹലില്‍ കടുത്ത സുരക്ഷ വീഴ്ചയുണ്ടെന്നാണ് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പെരുമഴയെ തുടര്‍ന്ന് താജ്മഹലിലെ ഉദ്യാനത്തില്‍ വെള്ളം പൊങ്ങിയിരുന്നു. ഇതിന് പുറമെ പ്രധാന താഴികക്കുടം ചോര്‍ന്നൊലിക്കുകയും ചെയ്തതോടെ ഷാജഹാന്‍റെയും മുംതാസിന്‍റെയും ശവകുടീരങ്ങളോളം വെള്ളം പൊങ്ങുകയും ചെയ്തു. പ്രദേശത്തെ മഴ കുറയുന്നതിന് അനുസരിച്ച് അറ്റകുറ്റപ്പണികള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.