rats-siddhivinayak-temple-prasad

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പെന്ന ആക്ഷേപം കെട്ടടങ്ങും മുമ്പേ മുംബൈ ശ്രീസിദ്ധിവിനായക്  ക്ഷേത്രത്തിലെ പ്രസാദപാക്കറ്റുകളില്‍ എലിയെന്ന് ആരോപണം. പ്രസാദ പാക്കറ്റുകളിലെ എലിയുടെ ദൃശ്യങ്ങള്‍  സമുഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍  ക്ഷേത്രം ട്രസ്റ്റ്  ആരോപണം നിഷേധിച്ചു. ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍‍ ട്രസ്റ്റിന്‍റെ ചുമതലയില്‍‍ അന്വേഷണം തുടങ്ങിയിട്ടുണ്ട് 

നീല ട്രേയിൽ സൂക്ഷിച്ചിരിക്കുന്ന കീറിയ ലഡ്ഡു പാക്കറ്റുകളിൽ എലികളുള്ള ദ‍ൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ലക്ഷക്കണക്കിന് ലഡ്ഡുവാണ് ദിവസേന ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്നത്. അവ വൃത്തിയുള്ള സ്ഥലത്താണ് പാകം ചെയ്യുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന സ്ഥലം ക്ഷേത്രത്തിന്‍റേതല്ലെന്നും പുറത്തെവിടെയോ ഷൂട്ട് ചെയ്തതാണെന്നും ശിവസേന നേതാവും ട്രസ്റ്റ് ചെയർപേഴ്‌സണുമായ സദാ സർവങ്കർ  പറഞ്ഞു. ദൃശ്യങ്ങളുടെ  ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സർവങ്കർ പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ക്ഷേത്രത്തിന്‍റെ പ്രതിബദ്ധതയും അദ്ദേഹം സൂചിപ്പിച്ചു. നെയ്യും കശുവണ്ടിയും ഉൾപ്പെടെ പ്രസാദത്തിന് ഉപയോഗിക്കുന്ന ചേരുവകൾ  ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍ ലാബിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഇതിനർത്ഥം ഭക്തർക്ക് നൽകുന്ന പ്രസാദം ശുദ്ധമാണെന്ന് ഉറപ്പാക്കാൻ പൂർണശ്രദ്ധ ചെലുത്തുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Mice found in prasad packets of the Siddhivinayak Temple in Mumbai. But the temple Trust (SSGT) denied allegation and launched probe.