പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കൊത്താനാഞ്ഞ രാജവെമ്പാലയില്‍ നിന്നും സാഹസികമായി രക്ഷിച്ച് വളര്‍ത്തുനായ. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ശിവ് ഗണേഷ് കോളനിയുള്ള വീട്ടിലെ പൂന്തോട്ടത്തിലാണ് രാജവെമ്പാല കയറിയത്. പാമ്പിനെ കണ്ട് കുട്ടികള്‍ അലറിക്കരഞ്ഞതും കെട്ടുപൊട്ടിച്ച് ജെന്നിയെന്ന പിറ്റ്ബുള്‍ ചാടി വീഴുകയായിരുന്നു. കടിച്ചെടുത്ത് മൂര്‍ഖനെ പിറ്റ്ബുള്‍ കുടഞ്ഞു. അഞ്ച് മിനിറ്റോളം നീണ്ട പോരാട്ടത്തിനൊടുവില്‍ രാജവെമ്പാലയുടെ കഥ കഴിച്ചു.
ഇതാദ്യമായല്ല ജെന്നി പാമ്പിനെ കൊന്ന് ആളുകളെ രക്ഷിക്കുന്നതെന്ന് ഉടമയായ പഞ്ചാബ് സിങ് പറയുന്നു. എട്ടുപത്തോളം പാമ്പുകളെയാണ് ജെന്നി ഇതിനുമുന്‍പ് വകവരുത്തിയിട്ടുള്ളത്. പാമ്പ് വീടിനുള്ളില്‍ കടന്നിരുന്നുവെങ്കില്‍ എന്തും സംഭവിക്കാമായിരുന്നുവെന്നും നായയുടെ സമയോചിതമായ ഇടപെടലാണ് രക്ഷയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് സിങിന്‍റെ വീട്ടിലെ സഹായിയുടെ മക്കളാണ് സംഭവ സമയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നത്. പിറ്റ്ബുളിനെ കുറിച്ച് എല്ലാവരും മോശം അഭിപ്രായമാണ് പറയുന്നതെന്നും എന്നാല്‍ തന്‍റെ നായ ഇതുവരെ ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നും ഉടമ അവകാശപ്പെടുന്നു.
സൂക്ഷിക്കണം പിറ്റ്ബുളിനെ
ലോകത്ത് ഏറ്റവും അക്രമകാരികളായ നായയിനമാണ് പിറ്റ്ബുള്‍. അക്രമസ്വഭാവം പലപ്പോഴും മനുഷ്യജീവന്‍ അപഹരിച്ചിട്ടുള്ളതിനാല്‍ തന്നെ പല രാജ്യങ്ങളും പിറ്റ്ബുളിനെ വളര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്. പിറ്റ്ബുളിന്‍റെ ഇറക്കുമതിയും വില്‍പ്പനയും കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. മനുഷ്യജീവന് അപകടകാരികളാണെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. പിറ്റ്ബുളിന് പുറമെ ,റോട്ട്‌വീലർ,ബാൻഡോഗ്, അമേരിക്കൻ ബുൾഡോഗ്, ജാപ്പനീസ് ടോസ തുടങ്ങി ഇരുപതിൽ അധികം വിഭാഗം നായകളുടെ വില്‍പ്പനയും ഇറക്കുമതിയും കൂടി രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
ടെക്സസില്‍ 81കാരനെ കഴിഞ്ഞ വര്‍ഷം പിറ്റ്ബുള്‍ കടിച്ചുകൊന്ന കേസില്‍ ഉടമകള്‍ക്ക് 18 ഉം 15 ഉം വര്‍ഷം എല്ലാ വെള്ളിയാഴ്ചകളിലും തടവില്‍ കഴിയാന്‍ കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അഗ്നിരക്ഷാസേനയെത്തി നായയെ തുരത്തിയ ശേഷം മാത്രമായിരുന്നു മൃതദേഹം വീണ്ടെടുക്കാന്‍ കഴിഞ്ഞത്.