മെട്രോയുടെ പരീക്ഷണ ഓട്ടത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ (ANI)

മെട്രോയുടെ പരീക്ഷണ ഓട്ടത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ (ANI)

മുംബൈയിലെ ആദ്യഭൂഗര്‍ഭ മെട്രോ അടുത്തമാസം മുതല്‍ ഓടിത്തുടങ്ങും. ബാന്ദ്ര കുര്‍ള കോംപ്ലക്സ് മുതല്‍ ആരി വരെയാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്ന പാത. ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകുമെന്നതാണ് പ്രധാന പ്രത്യേകത. നിലവില്‍ തിരക്കേറിയ സമയത്ത് ഒരു മണിക്കൂറെടുത്ത് മാത്രമേ ബികെസിയില്‍ നിന്നും ആരിയിലേക്ക് അതിവേഗ റോഡ് വഴി പോലും എത്താനാകൂ. മെട്രോലൈന്‍ തുറക്കുന്നതോടെ പടിഞ്ഞാറന്‍ അതിവേഗ പാതയിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍. 

ANI_20240925008

മെട്രോ സ്റ്റേഷന്‍ അവസാനഘട്ട മിനുക്ക് പണികള്‍ (ANI)

അടുത്തമാസം മുംബൈ സന്ദര്‍ശനത്തിനൊപ്പം പ്രധാനമന്ത്രി 'അക്വാലൈന്‍' ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ സംബന്ധിച്ച് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷനോ, സംസ്ഥാന സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

തിരക്കേറിയ സമയങ്ങളില്‍ ഓരോ ആറര മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഒക്ടോബര്‍ ആദ്യവാരം തന്നെ ഉദ്ഘാടനമുണ്ടാകുമെന്നാണ് എംഎംആര്‍സിഎല്‍ എംഡി അശ്വിനി ഭിഡെ അറിയിച്ചത്. 

ഭൂഗര്‍ഭ മെട്രോ ലൈനിന്‍റെ ആദ്യഘട്ടത്തില്‍ 12.44 കിലോമീറ്റര്‍ ദൂരമാണ് പൂര്‍ത്തിയാക്കിയത്. 10 സ്റ്റേഷനുകളാണ് ബികെസി മുതല്‍ ആരി വരെ ഉള്ളത്. രാവിലെ ആറരയ്ക്ക് ആരംഭിക്കുന്ന സര്‍വീസ് രാത്രി 10.3 വരെ തുടരും. ദിവസം 96 ട്രിപ്പുകളും ഉണ്ടാകുമെന്നും എംഎംആര്‍സിഎല്‍ അറിയിച്ചു. 10 രൂപ മുതല്‍ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.  എട്ട് കോച്ചുകളുള്ള ഒന്‍പത് റേക്കുകളാണ് നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്. 2025 ഏപ്രിലിലോടെ 33.5 കിലോമീറ്റര്‍ ഇടനാഴി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ ഓടിത്തുടങ്ങുന്നതോടെ ആദ്യഘട്ടത്തില്‍ 

ദിവസം നാലര ലക്ഷം യാത്രക്കാരുണ്ടാകുമെന്നും  ഇത് ക്രമേണെ ആറര ലക്ഷമായി വര്‍ധിക്കുമെന്നുമാണ് എംഎംആര്‍സിഎല്ലിന്‍റെ പ്രതീക്ഷ. ആരി മുതല്‍ കഫ് പരേഡ് വരെയുള്ള നിര്‍ദിഷ്ട പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണം 13 ലക്ഷത്തിലേക്ക് എത്തുമെന്നും കരുതുന്നു. 

മുംബൈ നഗരത്തിന്‍റെ പ്രത്യേകതയും സ്ഥല പരിമിതിയും കണക്കിലെടുത്താണ് മെട്രോ ലൈന്‍ 3 (ഭൂഗര്‍ഭ പാത) നിര്‍മാണത്തിന് തുടക്കമിട്ടത്. മുംബൈ പോലെ ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ ഭൂഗര്‍ഭ മെട്രോ പതിവാണെന്നും എംഎംആര്‍സിഎല്‍ ചൂണ്ടിക്കാട്ടുന്നു. മെട്രോ നിലവില്‍ വരുന്നതോടെ വിമാനത്താവളത്തിലേക്ക് അടക്കമുള്ള യാത്രയും സുഗമമാകും. മെട്രോ യാത്രക്കാര്‍ക്ക് യാത്ര സൗകര്യം ഉറപ്പാക്കുന്നതിനായി ബസ്, ഓട്ടോ, മറ്റ് വാഹന ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയെല്ലാം സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. വിമാനത്താവളത്തിലെ ടെര്‍മിനലുകളിലേക്ക് മെട്രോ സൗകര്യം എത്തിക്കുന്നതിന് രണ്ട് വര്‍ഷത്തെ സമയം കൂടി ആവശ്യമാണെന്നും എംഎംആര്‍സിഎല്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The first phase of Mumbai’s highly anticipated underground Metro Line 3, ie Aqua Line, is set to open to the public in October. The fares will range from Rs 10 to Rs 50 for a one-way journey between Aarey and BKC.