ട്രാഫിക് കുരുക്കില്‍ ട്രെയിനോ? ബെംഗളുരുവില്‍ നിന്നുള്ള വാര്‍ത്തകേട്ടവര്‍ കേട്ടവര്‍ ചോദിച്ചു, ഇന്ത്യന്‍ റെയില്‍വേ എന്നുമുതലാണ് റോഡിലൂടെ ട്രെയിന്‍ ഓടിക്കാന്‍ തുടങ്ങിത്? വിഡിയോ വൈറലായതിനു പിന്നാലെ വിശദികരണവുമായി റെയില്‍വേ തന്നെ വരേണ്ടിവന്നു.
ബെഗളൂരുവിലെ റോഡുകളിലെ ഗതാഗതകുരുക്ക് റോഡിലെ വാഹനങ്ങളെ മാത്രമല്ല, പാളത്തില്‍ ഓടുന്ന ട്രെയിനിനെപ്പോലും ബാധിക്കുകയായിരുന്നു എന്നതരത്തിലാണ് വിഡിയോ പ്രചരിച്ചത്. ട്രെയിനിന്‍റെ യാത്രയെ തടഞ്ഞ് റെയില്‍വേ ക്രോസിലേക്ക് വരെ ഗതാഗത തടസം നീളുകയായിരുന്നെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ട്രെയിന്‍ എത്തിയതോടെ ആരോ വിഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയലിടുകയും സംഗതി വൈറലാവുകയുമായിരുന്നു.
ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിന് സമീപമുള്ള മുന്നെകൊലാല റെയിൽവേ ഗേറ്റിലാണ് സംഭവം. വാഹനങ്ങൾക്കൊപ്പം ട്രെയിനും റെയിൽവേ ട്രാക്കിൽ ‘കുടുങ്ങിയ’ ദൃശ്യം സുധീർ ചക്രവർത്തി എന്നയാളാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ടത്. ‘എനിക്കോ നിങ്ങള്‍ക്കോ പോയിട്ട്, ട്രെയിനുകൾക്ക് പോലും ബെംഗളൂരു ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല’ എന്നാണ് സുധീര്‍ വിഡിയോ പങ്കിട്ട് കുറിച്ചത്. ഇയാള്‍ തന്നെ പിന്നീട് വിഡിയോ സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ബെംഗളൂരുവിലെ ജനങ്ങള്‍ നേരിടുന്ന യാത്രാക്ലേശം വ്യക്തമാക്കുന്ന വിഡിയോ എന്ന തരത്തില്‍ ദൃശ്യങ്ങള്‍ തല്‍ക്ഷണം സോഷ്യൽ മീഡിയയിൽ ഹിറ്റായി. ട്രെയിന്‍ വരേണ്ട സമയമായിട്ടും തിരക്ക് കാരണം ലെവല്‍ ക്രോസ് അടയക്കാന്‍ സാധിച്ചില്ലെന്നും ഇതോടെ ട്രെയിന്‍ നിര്‍ത്തുകമാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു പ്രചരിച്ചത്.
എന്നാല്‍ ഈ വാദങ്ങള്‍ റെയില്‍വേ നിഷേധിക്കുന്നു. ശക്തമായ ശബ്ദം കേട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് ലെവൽ ക്രോസിംഗിന് മുമ്പ് ട്രെയിൻ നിർത്തുകയായിരുന്നു. പിന്നാലെ ട്രെയിനിലും റെയില്‍വേട്രാക്കിലും സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു. ഗതാഗതക്കുരുക്ക് കാരണം ട്രെയിൻ നിർത്തിയില്ല. ശബ്ദം കേട്ടതിന് ശേഷം ട്രെയിനിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ലോക്കോ പൈലറ്റിന്‍റെ നേതൃത്വത്തിലെ പരിശോധന. ഈ സമയം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ഗേറ്റ്മാൻ എൽസി ഗേറ്റ് തുറക്കുകയായിരുന്നു.