ഡയാലിസിസ് ചികില്‍സയ്ക്കായി ഭാര്യയുമായി ആശുപത്രിയിലെത്തിയ ആള്‍ക്ക് സ്ട്രെച്ചറും വീല്‍ചെയറും നിഷേധിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ചാരനിറത്തിലെ പാന്‍റ് തെറുത്ത് മുട്ടിന് മുകളിലേക്ക് വച്ച് വെള്ളക്കെട്ടിലൂടെ ഒരാള്‍ സ്ത്രീയെ കൈയിലെടുത്ത് വരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കുന്നതിന് ഇയാള്‍ സൗകര്യം ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചുവെന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. വെള്ളക്കെട്ടിലൂടെ ഭാര്യയെ കൈകളിലേന്തി നടന്നു നീങ്ങുന്ന ഭര്‍ത്താവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം അന്വേഷണത്തിനും ഉത്തരവിട്ടു.
ആഴ്ചയില്‍ മൂന്നുപ്രാവശ്യം ഭാര്യയുമായി ഇയാള്‍ ആശുപത്രിയില്‍ എത്താറുണ്ടെന്നും ഇവിടെയാണ് ഡയാലിസിസ് ചെയ്യുന്നതെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, ഇവര്‍ വീല്‍ചെയറോ സ്ട്രെച്ചറോ ആവശ്യപ്പെട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും സംഭവത്തില്‍ കുറ്റക്കാരുണ്ടെങ്കില്‍ തക്കതായ ശിക്ഷ നല്‍കുമെന്നും ഗോണ്ട മെഡിക്കല്‍ കോളജ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.