sadguru-court

 സ്വന്തം മകളെ വിവാഹം കഴിപ്പിച്ച സദ്ഗുരു ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റു പെണ്‍കുട്ടികളെ സന്യാസിനിമാരാക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാല പ്രഫസര്‍ എസ്. കാമരാജിന്‍റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇഷാ യോഗ സെന്‍ററില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ച തന്‍റെ രണ്ട് പെണ്‍മക്കളെ വിട്ടുകിട്ടണമെന്നും കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രഫ. കാമരാജ് ഹര്‍ജി നല്‍കിയത്. കോടതിയിലെത്തിയ യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ യോഗ സെന്‍ററില്‍ തുടരുന്നതെന്നും ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ലെന്നും അറിയിച്ചു. എന്നാല്‍ മക്കള്‍ ഉപേക്ഷിച്ചതോടെ തന്റെയും ഭാര്യയുടെയും ജീവിതം നരകതുല്യമായെന്ന് പ്രഫസര്‍ കാമരാജ് പറഞ്ഞു.

കേസിന്‍റെ പശ്ചാത്തലത്തില്‍ ഇഷ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഈ ഘട്ടത്തിലാണ് കോടതി ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവിനോട് രോഷം കൊണ്ടത്. സദ്ഗുരു സ്വന്തം മകള്‍ രാധേ ജഗ്ഗിയെ നേരത്തേ വിവാഹം കഴിപ്പിച്ചതല്ലേയെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം, ജസ്റ്റിസ് വി.ശിവാഗ്നനം എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ പെണ്‍മക്കളെ സന്യാസിനികളായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഇഷാ കേന്ദ്രത്തില്‍ ആരേയും ആത്മീയതയിലേക്കോ സന്യാസത്തിലേക്കോ വലിച്ചിഴയ്ക്കാറില്ലെന്നും ഓരോ വ്യക്തിക്കും സ്വന്തം മാര്‍ഗം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഫൗണ്ടേഷന്‍റെ മറുപടി. ഇഷാ യോഗ സെന്ററിലെ ആയിരത്തോളം വരുന്ന അംഗങ്ങളില്‍ ചുരുക്കം പേര്‍ മാത്രമേ സന്യാസജീവിതം നയിക്കുന്നുള്ളൂവെന്നും ഫൗണ്ടേഷന്‍റെ അഭിഭാഷകര്‍ അറിയിച്ചു. യോഗ സെന്ററിന്റെ പേരില്‍ ഒരു പൊലീസ് കേസ് മാത്രമേ ഉള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

Madras Highcourt asks questions to Sadhguru:

Madras Highcourt asks questions to Sadhguru. Why is sadhguru encouraging women to live like monks?. Petition given by retired professor in Tamilnadu agricultural university.