വിവാഹവാഗ്ദാനം നല്‍കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്ത യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് യുവതി. ഉത്തര്‍പ്രദേശിലെ അലിഗറിലാണ് സംഭവം. താന്‍ വിവാഹമോചിതയാണെന്നും ഇയാളെ വിവാഹം ചെയ്യാന്‍ സമ്മതമല്ലെന്നും യുവതി പറയുന്നു. എന്നിട്ടും പിന്നാലെ നടന്ന് വിവാഹം ചെയ്യണമെന്നാവശ്യപ്പെടുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചതെന്നും യുവതി വ്യക്തമാക്കുന്നു. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്.
വിവേക് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ആസിഡ് ആക്രമണത്തില്‍ കൈകള്‍ക്കാണ് ഗുരുതരപരുക്കേറ്റത്. ആക്രമണത്തിനു പിന്നാലെ ഇയാള്‍ ഷര്‍ട്ട് ഊരി പൊലീസ് എത്തും മുന്‍പ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഒരു അമ്മ കൂടിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ പേരോ വിവരങ്ങളോ പുറത്തുവിടരുതെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് ഹോട്ടല്‍ മാനേജര്‍ പറയുന്നത് ഇതാണ്, ഞങ്ങള്‍ ഹോട്ടല്‍ ആരംഭിച്ച ഉടനെ തന്നെ അവര്‍ കയറി വന്നു. യുവതി ആദ്യം ഹോട്ടലിനു പുറത്തും പിന്നീട് അകത്തും വന്നിരുന്നു. കുറച്ചുകഴിഞ്ഞ് ഒരു യുവാവ് കൂടി എത്തി. ബ്രെയ്ക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്ത ശേഷം അവര്‍ സംസാരിച്ചിരുന്നു. പിന്നാലെ അയാള്‍ ഓടിപ്പോകുന്നതു കണ്ടു. അപ്പോഴാണ് താന്‍ അയാളുടെ മുഖത്ത് ആസിഡ് ഒഴിച്ചെന്ന് യുവതി പറയുന്നതെന്നും മാനേജര്‍ വ്യക്തമാക്കുന്നു.
പൊലീസ് പറയുന്നതനുസരിച്ച് യുവതിക്കും പൊളളലേറ്റിട്ടുണ്ട്. യുവതിയും യുവാവും പരസ്പരം അറിയാവുന്നവരാണെന്നും യുവാവിന്റെ ഭീഷണിയെത്തുടര്‍ന്നാണ് യുവതി ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.