തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണപക്ഷത്തെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടതിൻ്റെ ഞെട്ടലിൽ മുംബൈ നഗരം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കേസിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്രമസമാധാന നില പൂർണമായും തകർന്നതിന് തെളിവാണ് എൻസിപി നേതാവിൻ്റെ കൊലപാതകമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി.
ബാന്ദ്ര ഈസ്റ്റിൽ ഇന്നലെ രാതി ഒൻപത് മണിയോടെയാണ് സംഭവം. മകനും ബാന്ദ്ര ഈസ്റ്റ് എംഎൽഎയുമായ സീഷാൻ സിദ്ധിഖി യുടെ ഓഫിസിൽ നിന്ന് ഇറങ്ങവേ കാറിൽവച്ചാണ് ബാബാ സിദ്ധിഖിയ്ക്ക് വെടിയേറ്റത്. മുഖംമറച്ച് വാഹനത്തിലെത്തിയ മൂന്നംഗ സംഘം വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞു. ദസറ ആഘോഷത്തിൻ്റെ ഭാഗമായ വെടിക്കെട്ടിൻ്റെ മറവിൽ കൃത്യം നടത്തി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. നെഞ്ചിലും വയറ്റിലും മൂന്ന് റൗണ്ട് വെടിയേറ്റ സിദ്ധിഖി ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും മരിച്ചു. ഹരിയാന, യു.പി സ്വദേശികളായ രണ്ടു പ്രതികൾ കേസിൽ പിടിയിലായിട്ടുണ്ട്. മൂന്നാമനായി അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ചേരി നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കവും ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പങ്കും പൊലീസ് പരിശോധിച്ച് വരികയാണ്. വീണ്ടും ഗുണ്ടാ സംഘങ്ങളെ മുംബൈയിൽ അഴിഞ്ഞാടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.
മൂന്ന് തവണ തുടർച്ചയായി ബാന്ദ്ര വെസ്റ്റ് എംഎൽഎയും 2004ൽ മന്ത്രിയുമായിരുന്ന ബാബ സിദ്ധിഖി മുംബൈയിലെ കോൺഗ്രസിൻ്റെ ന്യൂനപക്ഷ മുഖമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഭരണപക്ഷമായ അജിത് പവാർ വിഭാഗം എൻസിപിയിലേക്ക് കൂടുമാറിയത്. മകനും എംഎൽഎയുമായ സീഷാൻ സിദ്ധിയിഖിയെ നിയമസഭാ കൗൺസിലിൽ ക്രോസ് വോട്ട് ചെയ്തതിന് കോൺഗ്രസ് പുറത്താക്കിയിരുന്നു. ബോളിവുഡ് താരങ്ങളുമായും വ്യവസായികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ബാബ സിദ്ധിഖി, തർക്കങ്ങളിൽ മധ്യസ്ഥനായും താരങ്ങൾക്കും നേതാക്കൾക്കും ഇടയിൽ പാലമായും ഇടപെട്ടിരുന്നു. കൊലപാതകത്തിൽ പ്രതിപക്ഷം നടുക്കം രേഖപ്പെടുത്തി. ഭരണപക്ഷ നേതാവിനെ പോലും സംരക്ഷിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിന് വെറും ഒരുമാസം മാത്രമുള്ള ഘട്ടത്തിൽ നടക്കുന്ന വെടിവയ്പ്പും ആക്രമങ്ങളും ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് വലിയ പ്രഹരമായി.